വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സല്‍ട്ടന്റായിരുന്ന സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ ഭര്‍ത്താവാണ് സുരേഷ്.സുരേഷിന്റെ മണ്ണന്തലയിലെ വീട്ടില്‍ പത്ത് മണിക്കൂറിലേറെയായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ഭൂമി ഇടാപാടിന്റെയും ബാങ്ക് ഇടപാടിന്റെയും രേഖകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കണ്‍സള്‍ട്ടന്റായി 2018 മുതല്‍ സുരേഷ് ജോലി ചെയ്യുകയാണ്. ഫാരിസ് 10 വഷം മുമ്പ് തുടങ്ങിയ പത്രത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം.വി.എസ്.സര്‍ക്കാരിന്റെ കാലത്ത് കൊച്ചി വളന്തക്കാടില്‍ ടൗണ്‍ ഷിപ്പിന് വേണ്ടി കണ്ടല്‍ കാട് ഉള്‍പ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കമ്പനിയുടെ ഭൂമിയുടെ പ്രധാന ഇടനിലക്കാരനായതുകൊണ്ടാണ് സുരേഷിന്റെ വീട്ടില്‍ പരിശോധന നടന്നത്. ഡിസിസി സെക്രട്ടറിയുടെ വീട്ടിലെ പരിശോധനയില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഫാരിസിന്റെ വീട്ടിലും ഫാരിസുമായി ബന്ധമുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു.