അനുമോള്‍ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷിനെ തിരഞ്ഞ് പൊലീസ്
തൊടുപുഴ: കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപിക അനുമോള്‍ (വത്സമ്മ) കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷിനെ തിരഞ്ഞ് പൊലീസ്. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈ.എസ്പി അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ബിജേഷിനെ ഉടന്‍ പിടികൂടുമെന്നും എങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാകാനൂവെന്നും കട്ടപ്പന ഡിവൈ.എസ് പിവി എ നിഷാദ്‌മോന്‍ പറഞ്ഞു. ജഡം പൂര്‍ണ്ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല.അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി സബ്കളക്ടര്‍ അരുണ്‍ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കം പൂര്‍ത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂര്‍ത്തിയാക്കി വീട്ടിലെത്തിയ അനുമോളെ പിന്നീട് കാണാതാകുകയായിരുന്നു. വാര്‍ഷികാഘോഷത്തിനും അനുമോള്‍ എത്തിയില്ല. ഭര്‍ത്താവ് ബിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവില്‍ അനുമോളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതിയും നല്‍കി.