കള്ളപ്പണ ഇടപാട് കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കാന്‍ ആണ് ബിആര്‍എസിന്റെ തീരുമാനം. പാര്‍ട്ടിയുടെ 7 മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.കെ കവിതയെ 10 മണിക്കൂറില്‍ ഏറെയാണ്, കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തത്. വൈകീട്ട് 6 മണിക്ക് ശേഷവും തന്നെ ഇ.ഡി ഓഫീസില്‍ ഇരുത്തി ചോദ്യം ചെയ്തതിനെതിരെ കവിത സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഇത്തവണ ചോദ്യം ചെയ്യല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നീണ്ടത്.കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല.കവിതയുടെ ബിനാമി എന്ന് ഇഡി ആരോപിക്കുന്ന, അരുണ്‍ രാമചന്ദ്ര പിള്ള, മുന്‍ ചാര്‍ട്ടേഡ് അകൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ല എന്നിവര്‍ക്ക് ഒപ്പം ഇരുത്തി കവിതയെ ഇന്നും ചോദ്യം ചെയ്യും. കവിത നല്‍കിയ പല മറുപടികള്‍ക്കും വ്യക്തത ഇല്ലെന്നും ഇ.ഡി കേന്ദ്രങ്ങള്‍ പറഞ്ഞു.തുടര്‍ച്ചയായി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനാല്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമോ എന്നാ ആശങ്ക ബിആര്‍എസ് നേതൃത്വത്തിന് ഉണ്ട്.ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ബിആര്‍എസിന് നിയമപദേശം ലഭിച്ചിരുന്നു.അടുത്ത വെള്ളിയാഴ്ചയാണ് കവിതയുടെ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നത്. അറസ്റ്റ് ഉണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് കെ ചന്ദ്ര ശേഖര റാവുവിന്റെ ആഹ്വാനം. കവിതയുടെ സഹോദരന്‍ കെ ടി രാമ റാവു അടക്കം ബിആര്‍എസിന്റെ 7 മന്ത്രിമാരും ഉന്നത നേതാക്കളും കവിതയോടൊപ്പം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.