ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് :സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് നടന്നെന്ന കേസില്‍, നിര്‍മാണ കരാറുകാരനായ യൂണിടാക് ബില്‍ഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു.തിങ്കളാഴ്ച കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതിയാണ് സന്തോഷ് ഈപ്പന്‍ എന്നാണ് സൂചന.കേസില്‍ ആദ്യം അറസ്റ്റുചെയ്ത ഒമ്പതാംപ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്. 3.80 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന.