ഇന്ത്യ എന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ബെംഗളൂരു: ഇന്ത്യ എന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി, രാജ്യത്തെ സ്വതന്ത്ര സംവിധാനത്തെ ബി.ജെ.പിയും ആര്‍.എസ്.എസും തകര്‍ക്കുകയാണെന്ന കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കി.‘പ്രധാനമന്ത്രിയും ബി.ജെ.പിയും ആര്‍.എസ്.എസും വിചാരിക്കുന്നത് അവരാണ് ഇന്ത്യ എന്നാണ്. എന്നാല്‍, പ്രധാനമന്ത്രി രാജ്യത്തെ ഒരു പൗരന്‍ മാത്രമാണ്. പ്രധാനമന്ത്രിയേയും ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി കാണേണ്ടതില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.അതേസമയം, ഇന്ത്യയിലെ സ്വതന്ത്രമായ ഒരു സംവിധാനത്തെ വിമര്‍ശിക്കുക എന്നത് ഇന്ത്യയെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലണ്ടനിലെ പ്രസംഗങ്ങളുടെ പേരില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി.നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നേരിടുന്നുണ്ട്. കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ സംവാദത്തിനിടെ ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും താനുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേ ബിജെപി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.