കർണാടകയിൽ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി

Spread the love

ബംഗളൂരു: ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്‌ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ പെരുമഴയാണ്.“എന്റെ കാർ വെള്ളക്കെട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടർന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാർ നന്നാക്കിത്തരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർത്ഥിക്കുകയാണ്. പ്രധാനമന്ത്രി മോദി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാൽ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോ? പാത സഞ്ചാരയോഗ്യമാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോ? എന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു.

ഈ മാസം 12നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉ​ദ്‌ഘാടനം ചെയ്‌തത്.പാലത്തിന്റെ മിനുസമേറിയ ടാറിങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നെന്ന പരാതിയിൽ ദേശീയപാത അതോറിറ്റി നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കോൺഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അറ്റകുറ്റപണികൾ നടത്തി ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *