20 വർഷം നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര : 20 വർഷം നെയ്യാറിലെ മണൽമാഫിയയ്ക്കെതിരെ ഒറ്റയാൾ പോരോട്ടം നടത്തിയ ഡാളിയമ്മൂമ്മ (84) അന്തരിച്ചു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അന്ത്യം.

ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിയമ്മ മണൽമാഫിയകളുടെ ഭീഷണിയെ ഒറ്റയാൾ പോരാട്ടം നടത്തി അതിജീവിച്ചാണ് ശ്രദ്ധേയയായത്. ഇതുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര കോടതിയിൽ നിരവധികേസുകളുണ്ട്. വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതോടെ 84 വയസ്സു കഴിഞ്ഞ ഡാളിയുടെ വീട് ആറിന്റെ മധ്യത്തിലായി. എന്നിട്ടും വീടുപേക്ഷിക്കാതെ അവിടേക്കു മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് ഡാളിയമ്മ അവിടെ തന്നെ താമസിച്ചു. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ തൂപ്പുജീവനകാരിയായി വിരമിച്ച ഡാളിയമ്മ പെൻഷനായി ലഭിച്ചിരുന്ന 8000 രൂപ കൊണ്ടാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞൊഴുകിയതോടെ, താൽക്കാലിക പാലവും തകർന്നതോടെയാണ് ഇവർ വീട് ഉപേക്ഷിച്ചത്. വീട്ടിലേക്കു കയറാനാകാതെയായതോടെ കടത്തിണ്ണയായി ആശ്രയം.
ഒടുവിൽ ഡാളിയെ പോലീസും റവന്യൂ അധികൃതരും പരണിയത്തെ ബന്ധുവീട്ടിലാക്കി. പിന്നീട് കാട്ടാക്കട പുല്ലുവിളാകത്തെ പരിചയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമായ ചന്ദ്രികയുടെ വീട്ടിലേക്ക് താമസം മാറി.

  വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചു. ഇവർ കിടപ്പിലായതോടെ ഡാളിയമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ കഴിഞ്ഞ ഡാളിയമ്മയെക്കുറിച്ച് ജില്ലാപ്പഞ്ചായത്തിന് പരാതി ലഭിച്ചു. തുടർന്ന് ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ. സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മയെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

ഡാളിയുടെ മൃതദേഹം ഇപ്പോൾ ജില്ലാ പഞ്ചായത്തു വയോജന പരിപാലന കേന്ദ്രത്തിലാണ്. മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് തന്നെ അന്ത്യകർമ്മം നടത്തുമെന്നും അധികൃതർ അറിയിച്ചു.

മണൽമാഫിയയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന് ഇവരുടെ വീട് നിൽക്കുന്ന സ്ഥലത്തിന് ഡാളി കടവെന്നാണ് നാട്ടുകാർ പേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *