സ്വപ്ന സുരേഷിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് എം വി ഗോവിന്ദന്‍
സ്വപ്ന സുരേഷിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്തിരിയാന്‍ കടമ്പേരിയിലെ വിജേഷ് പിള്ള വഴി എം വി ഗോവിന്ദന്‍ മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. പിന്മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഈ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ചാണ് നോട്ടീസ്.സ്വപ്നയുടെ ബാംഗ്ലൂരിലെ അഡ്രസ്സിലേക്കും ഒപ്പം വിജേഷ് പിള്ളയുടെ കണ്ണൂര്‍ കടമ്പേരിയിലെ അഡ്രസ്സിലേക്കുമാണ് നിലവില്‍ അഭിഭാഷകന്‍ മുഖേന തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളജ് ജോസഫ് മുഖേന നോട്ടീസ് നല്‍കിയിരിക്കുന്നത്.എം വി ഗോവിന്ദന് അന്‍പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. നാളിതുവരെ ഇത്തരമൊരു ആരോപണം രാഷ്ട്രീയ എതിരാളികള്‍ പോലും ഉന്നയിച്ചിട്ടില്ല എന്നാണ് നോട്ടീസിലെ ഒരു പ്രധാന ഭാഗം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ജീവനുതന്നെ ഭീഷണി നേരിടുമെന്നും വിജേഷ് പിള്ളയെ ബെംഗളൂരുവില്‍ നേരിട്ട് കണ്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ലൈവ് വിഡിയോയില്‍ പറഞ്ഞിരുന്നു.