തൃശൂര്‍ നഗരത്തില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു; ഒഴിവായത് വൻ ദുരന്തം
കനത്ത മഴയിലും കാറ്റിലും തൃശൂര്‍ നഗരത്തില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു. മുനിസിപ്പല്‍ ഓഫീസ് റോഡിലെ നാലുനില കെട്ടിടത്തിന് മുകളില്‍ നിന്നാണ് മേല്‍ക്കൂര റോഡിലേക്ക് വീണത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഒന്നായ എം ഒ റോഡിലേക്കാണ് ഇരുമ്പ് മേല്‍ക്കൂര പറന്നു വീണത്. മേല്‍ക്കൂര വീഴുന്നതിനു തൊട്ടു മുമ്പായി പെയ്ത മഴ നനയാതിരിക്കാന്‍ ആളുകള്‍ റോഡില്‍ നിന്ന് മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. കാറ്റിലാണ് ഇരുമ്പ് മേല്‍ക്കൂര നിലംപൊത്തിയത്. പത്തിലേറെ വരുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരും കോര്‍പറേഷന്‍ ജീവനക്കാരും ഒരു മണിക്കൂറിലേറെ നേരം പരിശ്രമിച്ചതിന്റെ ഭാഗമായാണ് മേല്‍ക്കൂര റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.