കൊല്ലത്ത് ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവം; ജില്ലാ കളക്ടർ ഇടപ്പെട്ടു
കൊല്ലത്ത് പഴയ ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഇടപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം പി ഡബ്ലു ഡി ദേശീയ പാത വിഭാഗം സ്റ്റോപ്പ് മെമ്മൊ നൽകി. റയിൽവേ ചീഫ് എൻജിനിയറോട് ജില്ലാ കളക്ടർ മുമ്പാകെ ഹാജരാകാനും നിർദ്ദശിച്ചു.
കൈരളി ന്യൂസാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്പിൽ പഴയ ദേശീയ പാതയിൽ വിള്ളൽ റിപ്പോർട്ട് ചെയ്തത്. കൊല്ലം റയിൽവേ സ്‌റ്റേഷന്റ ഭൂമിയിൽ 15 മീറ്റർ അഴത്തിൽ റോഡിനോട് ചേർന്ന് യാതൊരു അനുമതിയൊ മുന്നറിയിപ്പൊ ഇല്ലാതെയാണ് ഭൂമിയിൽ നിന്ന് മണ്ണ് നീക്കി ഭുഗർഭ വാട്ടർ ടാങ്ക് നിർമ്മാണം.
അതേസമയം, വാർത്ത ശ്രദ്ധയിൽപ്പെട്ട കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് ദുരന്ത നിവാരണ ചട്ടപ്രകാരം അടിയന്തിരമായി നിർമ്മാണ പ്രവർത്തനം നിർത്തിവെയ്പ്പിക്കാൻ പൊതുമരാമത്ത് എൻ.എച്ച് വിഭാഗത്തോട് നിർദേശിച്ചു. ഇത് പ്രകാരം പൊതുമരാമത്ത് എൻ.എച്ച് വിഭാഗം റയിൽവേയ്ക്ക് സ്‌റ്റോപ്പ് മെമ്മൊ നൽകി.റയിൽവേ ചീഫ് എൻജിനിയറോട് ജില്ലാ കളക്ടർ മുമ്പാകെ ഹാജരാകാനും നിർദ്ദേശം നൽകി.
പൊതുമരാമത്ത് എൻ.എച്ച് വിഭാഗം ഉദ്യോഗസ്ഥർ വിള്ളൽ വീണ റോഡും റയിൽവേയുടെ സുരക്ഷാ ക്രമീകരണങ്ങളും നേരിട്ട് കണ്ടു. മണ്ണ് ഇടിയാതിരിക്കാനുള്ള ക്രമീകരണങ്ങൾ പോരെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ റോഡിലൂടെയാണ് കൊച്ചിയിൽ നിന്ന് പാരിപ്പള്ളി ഐ.ഒ.സി.ഗാസ് പ്ലാന്റിലേക്ക് ബുള്ളറ്റ് ടാങ്കറിൽ ഗ്യാസ് ഉൾപ്പടെ ഭാരമേറിയ കൂറ്റൻ ചരക്ക് വാഹനങ്ങൾ കടന്ന് പോകുന്നത്.
എന്നാൽ നാട്ടിലെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് റയിൽവേയുടേത്. റയിൽവേയുടെ സ്ഥലത്ത് നഗരസഭയ്ക്ക് പരിശോധന നടത്താൻ അനുമതി ഉണ്ടായിരുന്നെങ്കിൽ തിരുവനന്തപുരത്ത് അമയിഴഞ്ചാൻ തോടിൽ ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.