ഹെയർ സ്റ്റൈലിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിനിയെ യുവാക്കൾ മർദ്ദിച്ചതായി പരാതി
പോത്തൻകോട്: ഹെയർ സ്റ്റൈലിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിനിയെ യുവാക്കൾ മർദ്ദിച്ചതായി പരാതി. ചേങ്കോട്ടുകോണം ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം 4.15 നായിരുന്നു സംഭവം.ചേങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയ്ക്കാണ് മർദ്ദനമേറ്റത്. സ്കൂൾ വിട്ട് റോഡിലൂടെ വരുമ്പോൾ സമീപത്തെ മദ്യശാലയിലെത്തിയ യുവാക്കൾ വിദ്യാർത്ഥിനിയെ മർദ്ദിക്കുകയായിരുന്നു. നാലംഗ സംഘം വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും ആളുകൾ നോക്കിനിൽക്കെ മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടെയുള്ള സുഹൃത്തുക്കളും നാട്ടുകാരും തടയാൻ ശ്രമിച്ചിട്ടും പ്രതികൾ അക്രമം തുടർന്നു. ഒടുവിൽ പൊലീസ് എത്തുമെന്ന് മനസിലാക്കിയ പ്രതികൾ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാലുപേർ പൊലീസ് പിടിയിലായി.അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുള്ളുവെന്ന് പോത്തൻകോട് എസ്എച്ച്ഒ മിഥുൻ പറഞ്ഞു.