ക്രാഫ്റ്റ്‌സ് വില്ലേജില്‍ നവംബര്‍ 7, 8 തീയതികളില്‍അന്താരാഷ്ട്ര നൃത്തോത്സവം

ക്രാഫ്റ്റ്‌സ് വില്ലേജില്‍ നവംബര്‍ 7, 8 തീയതികളില്‍
അന്താരാഷ്ട്ര നൃത്തോത്സവം
തിരുവനന്തപുരം: ഇന്ത്യന്‍ ക്ലാസിക്കല്‍, സമകാലിക നൃത്തരൂപങ്ങളുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന അന്താരാഷ്ട്ര നൃത്തോത്സവത്തിന് കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് വേദിയാകുന്നു. നവംബര്‍ 7, 8 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ ക്രാഫ്റ്റ്‌സ് വില്ലേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത കലാകാരന്മാരും പ്രശസ്ത കലാസമിതികളും പങ്കെടുക്കുന്ന വിപുലമായ കലാസന്ധ്യയ്ക്കാണ് അരങ്ങൊരുങ്ങുന്നത്.
മേളയുടെ ഉദ്ഘാടന ദിനമായ നവംബര്‍ 7-ന് വൈകുന്നേരം 6.30-ന് പരമ്പരാഗത കഥകളി ആവിഷ്‌കാരമായ ‘കല്യാണസൗഗന്ധികം’ വേദിയിലെത്തും. തുടര്‍ന്ന് മഞ്ചീരം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ഭരതനാട്യവും, പ്രശസ്ത നര്‍ത്തകിമാരായ രശ്മി ചൗവല്ലൂര്‍, വിദ്യ ചന്ദ്രില എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ‘യാദ’ (YADA) കുച്ചിപ്പുഡി തീമാറ്റിക് നൃത്തവും അവതരിപ്പിക്കും.
രണ്ടാം ദിനമായ നവംബര്‍ 8-ന് നീലാംബരി വര്‍മ്മയുടെ ഭരതനാട്യത്തോടെ കലാപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെരിറ്റേജ് സെന്റര്‍ നിര്‍മ്മിച്ച പ്രത്യേക നൃത്ത ആവിഷ്‌കാരം, ശ്രീരേഖ പി.റ്റി. അവതരിപ്പിക്കുന്ന ഭരതനാട്യം, എ.ജി.ഡി.സി.യുടെ വെസ്റ്റേണ്‍ ഡാന്‍സ് പ്രകടനം എന്നിവ അരങ്ങേറും.
ദൃശ്യകലാ പാരമ്പര്യങ്ങളുടെ തനിമ നിലനിര്‍ത്തുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ കലാരംഗത്തെ മികവുറ്റ അവതരണങ്ങള്‍ക്ക് സ്ഥിരവേദിയൊരുക്കാന്‍ ക്രാഫ്റ്റ്‌സ് വില്ലേജ് പ്രതിജ്ഞാബദ്ധമാണെന്നും, എല്ലാ കലാസ്‌നേഹികളുടെയും പങ്കാളിത്തം ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037978514 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

