LatestNEWS

23 വയസ്സ് തികഞ്ഞില്ലെന്ന് സംശയം തോന്നിയാൽ ബാറുകൾ ആധാർ കാർഡ് പരിശോധിക്കണം: മന്ത്രി എം ലിജു

Spread the love

തൃശൂർ: മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധിയിൽ താഴെയാണെന്ന് സംശയം തോന്നിയാൽ ബാറുകളിലെത്തുന്നവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാവും. ബാറുകൾ ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണമെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.23 വയസ്സാണ് കേരളത്തിൽ മദ്യ ഉപഭോഗത്തിനുള്ള പ്രായം. നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായപ്പോൾ ഒരു മാധ്യമങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുൻപ്, സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിൽ ബാറുകൾക്കെതിരെ കേസെടുക്കാനുള്ള നിർദ്ദേശം നൽകി. 23 വയസ്സ് തികയും മുൻപേ ആ ചെറുപ്പക്കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസുകളാണ് സസ്‌പെൻഡ് ചെയ്തത്. തുടർന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. കേരളത്തിൽ എവിടെയെങ്കിലും നിയമാനുസൃതമായ പ്രായത്തിൽ താഴെയുള്ളവർക്ക് മദ്യം കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികളുണ്ടാവും. കേരളത്തിലെ ബാറുകളെല്ലാം അക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണം. പ്രായം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ബാറുകൾക്കുണ്ട്. 23 വയസ്സിൽ താഴെയാണെന്ന് സംശയം തോന്നിയാൽ ബാറിൽ എത്തുന്നവരുടെ ആധാർ കാർഡും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷം മാത്രമേ മദ്യം കൊടുക്കാവൂവെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും ടൂറിസം മേഖലയുമെല്ലാം പരിശോധിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ തീരുമാനമായിരിക്കും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും മദ്യനയത്തിലൂടെ ഉണ്ടാവുക. എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് ഭിന്നമായ നയമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. എൽ.ഡി.എഫിന്റെ കാലഘട്ടത്തിൽ വരുത്തിയ ചട്ടഭേദഗതി ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള ലൈസൻസുകൾ കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടിയുണ്ടാകും. സാമൂഹ്യ പ്രതിബദ്ധതയുള്ള മദ്യനയമായിരിക്കും യു.ഡി.എഫിന്റേത്. റെസ്പോൺസിബിൾ ഡ്രിങ്കിങ് എന്നൊരു സംസ്കാരം കേരളത്തിൽ കൊണ്ടുവരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. മദ്യപാനത്തെയും ലഹരിയും കുറച്ചുകൊണ്ടുവരുന്ന, അതേസമയം സമൂഹത്തിൽ തൊഴിലും മറ്റും നൽകുന്ന ടൂറിസം മേഖലയെ തളർത്തിരിക്കുകയും ചെയ്യുന്ന, സന്തുലിതമായ നയമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *