ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്; രാംലീല മൈതാനത്ത് മഹാറാലിയും
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ ഇന്ന് നടക്കും. വൈകിട്ട് 3.30ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലാണ് പരിപാടി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മോശം കാലാവസ്ഥയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.പാർലമെന്റിലെ നടപടിക്രമങ്ങൾക്ക് സമാനമായ രീതിയിലാണ് ജനകീയ കുറ്റവിചാരണ സംഘടിപ്പിക്കുന്നത്. മല്ലികാർജുൻ ഖർഗെ അവതരിപ്പിക്കുന്ന പ്രമേയം ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ മറുപടിയോടെ പാസാക്കും. വോട്ടുകൊള്ളയ്ക്ക് ഇരയായവരടക്കം നാനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. മോക്ക് പാർലമെന്റ് എന്നതിന് പകരം ‘ജൻ മഹാഭിയോഗ്’ എന്ന പേരിലാണ് നേതാക്കൾ പരിപാടിയെ വിശേഷിപ്പിക്കുന്നത്.അതേസമയം, നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് ശക്തിപ്രകടനം നടത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. ഇരു പരിപാടികളും കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.അതിനിടെ, നവംബർ ഒന്നിലെ മഹാറാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി സോണിയ ഗാന്ധിക്ക് കത്തയച്ചു. റാലി നടക്കുന്നതിലൂടെ വ്യാപാരമേഖലയ്ക്ക് 12,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വ്യാപാര സംഘടനയുടെ വാദം.

