ഇറാനെതിരായ സൈനിക നടപടിയെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അപലപിച്ച് റഷ്യ
വാഷിങ്ടന്‍: ഇറാനെതിരായ സൈനിക നടപടിയെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അപലപിച്ച് റഷ്യ. ഇറാനെ ആക്രമിച്ചതോടെ അമേരിക്ക തുറന്നത് പണ്ടോറ പെട്ടിയെന്ന് റഷ്യ വ്യക്തമാക്കി. ഇറാനെ ആക്രമിച്ചത് അമേരിക്ക നടത്തിയ അപകടകരമായ നീക്കമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിമര്‍ശിച്ചു. എല്ലാ അംഗ രാജ്യങ്ങളും സംയമനം പാലിക്കണം. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന് ഒരു അവസരം കൂടി കൊടുക്കാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അത് അവഗണിച്ചുവെന്നുമാണ് അന്റോണിയോ യുഎന്‍ സെക്രട്ടറി ജനറലിന്റെ വിമര്‍ശനം.സമാധാനം ലക്ഷ്യമിട്ടുള്ള യുക്തിപരമായ അടിയന്തിര തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശ്രമം യുഎന്‍ സെക്രട്ടറി ജനറല്‍ തുടങ്ങിയിട്ടുണ്ട്. ആണാവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന അമേരിക്കന്‍ ആരോപണം തള്ളിയ ഇറാന്‍ അംബാസഡര്‍ അമീര്‍ സെയ്ദ്, രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് അമേരിക്ക ഇറാനില്‍ നടത്തിയതെന്ന് കുറ്റപ്പെടുത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങള്‍ ഇറാനിയന്‍ ആണവ പദ്ധതിയെ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് ഇന്നലെ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടത്. ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.125ലധികം സൈനിക വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍, 14 ജിബിയു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും പേര്‍ഷ്യന്‍ ഗള്‍ഫിലും അറേബ്യന്‍ കടലിലുമുള്ള യുഎസ് അന്തര്‍വാഹിനികളില്‍ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും വിക്ഷേപിച്ചായിരുന്നു ആക്രമണം. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാന്‍ ഇറാനോട് വീണ്ടും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനെന്നും യുഎന്നില്‍ നല്‍കിയ വിശദീകരണത്തില്‍ അമേരിക്ക പറഞ്ഞു.