വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൊബൈൽ ടെക്നീഷ്യൻ തിരുവനന്തപുരത്ത് പിടിയിൽ
മലപ്പുറം: മലബാർ മേഖലയിലെ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.മലബാര്‍ കേന്ദ്രീകരിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും വിദ്യാര്‍ഥിനികളുടെ അടക്കം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ജില്ലയിലെ പന്ത്രണ്ടോളം കോളജുകളില്‍ നിന്നാണ് മോർഫിങ് സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് മെറ്റ അടക്കമുള്ള അധികൃതരോട് പൊലീസ് വിവരങ്ങള്‍ തേടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ടെക്‌നീഷ്യനായ ഇരുപത്തിയാറുകാരന്‍ പിടിയിലാകുന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ഇയാള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായും പൊലീസ് വിലയിരുത്തുന്നു. ചോദ്യം ചെയ്യലിൽ സുബിൻ ബാബു കുറ്റം സമ്മതിച്ചതായാണ് സൂചന.


