പരന്തൂർ പദ്ധതി മാറ്റിയാലും മെട്രോ വരും! പുതിയ പാതക്ക് അംഗീകാരം
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വരുതാണ്. ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന പാതകളിലാണ് നിലനിൽ സർവീസ് നടത്തുന്നത്. 118.9 കിലോമീറ്റർ നീളത്തിൽ 3 പുതിയ ലൈനുകളുടെ രണ്ടാം ഘട്ട നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ, പരന്തൂരിലെ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയിൽ മാറ്റങ്ങൾ വന്നാലും നിർദ്ദിഷ്ട പൂനമല്ലി – സുങ്കുവെർച്ചത്രം മെട്രോ പാതയുമായി മുന്നോട്ട് പോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചിരിക്കുകയാണ്.27.9 കിലോമീറ്റർ നീളമുള്ള പൂനമല്ലി – സുങ്കുവെർച്ചത്രം മെട്രോ പാത പാത നിർമ്മിക്കുന്നതിൽ തടസ്സമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂനമല്ലിയിൽ നിന്ന് പരന്തൂർ വരെ നിർദ്ദേശിച്ചിരുന്ന മെട്രോ കോറിഡോറിന്റെ ആദ്യ ഘട്ടമാണ് പൂനമല്ലി – സുങ്കുവെർച്ചത്രം പാത. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാതയിൽ 14 എലവേറ്റഡ് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പശ്ചിമ ചെന്നൈയിലെ ഉപനഗരങ്ങളിലെയും ശ്രീപെരുമ്പത്തൂർ വ്യാവസായിക മേഖലയിലെയും യാത്രാ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പാത നടപ്പിലാക്കുന്നത്. സുങ്കുവെർച്ചത്രത്തിൽ നിന്ന് പരന്തൂരിലേക്കുള്ള രണ്ടാം ഘട്ടം ഭാവിയിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് പിന്നീട് തീരുമാനിക്കുന്നതായിരിക്കും. ഭൂമിയേറ്റെടുക്കൽ, സർവേ, റോഡ് വികസനം എന്നിവ ഉൾപ്പെടുന്ന പ്രാഥമിക പ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാർ 2,126 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൽ 1,836 കോടി രൂപ ഭൂമിയേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്ന പ്രധാന മൂന്ന് പാതകളിലൊന്നാണിത്. കോയമ്പേട് – പട്ടാഭിറാം (21.76 കി.മീ), വിമാനത്താവളം – കിളാമ്പാക്കം ബസ് ടെർമിനസ് (15.5 കി.മീ) എന്നിവയാണ് അനുമതി കാക്കുന്ന മറ്റ് പാതകൾ.പരന്തൂർ വിമാനത്താവളംപരന്തൂർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചിരുന്നു. പരന്തൂരിലെയും സമീപത്തുള്ള 12 ഗ്രാമങ്ങളിലെയും കാർഷിക ഭൂമിയും കർഷകരുടെ ഉപജീവന മാർഗവും സംരക്ഷിക്കുന്നതിനായി പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2025 ഏപ്രിലിലാണ് പരന്തൂർ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയം തത്ത്വത്തിലുള്ള അംഗീകാരം നൽകിയത്.2022-ൽ ഡിഎംകെ സർക്കാർ പ്രഖ്യാപിച്ച 27,000 കോടി രൂപയുടെ പദ്ധതിക്കെതിരെ പ്രദേശവാസികളായ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഭൂമിയുടെ പകുതിയോളം ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും കാൽഭാഗത്തോളം ജലാശയങ്ങളുമായതിനാൽ വിമാനത്താവള നിർമ്മാണം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.അതേസമയം ചെന്നൈയുടെ വിമാനത്താവള ആവശ്യം അവഗണിക്കില്ലെന്നും നിലവിലെ ചെന്നൈ വിമാനത്താവളം വികസിപ്പിക്കുന്നതോടൊപ്പം അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും വിജയ് വ്യക്തമാക്കി.


