കവിത ആലാപനത്തില്‍ വിസ്മയ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ അലന്‍ മൈക്കിള്‍

Spread the love

കവിത ആലാപനത്തില്‍ വിസ്മയ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ അലന്‍ മൈക്കിള്‍

തിരുവനന്തപുരം: കഴിവുകള്‍ക്ക് ഭാഷയുടെയും പരിമിതികളുടെയും അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ വിദ്യാര്‍ത്ഥി അലന്‍ മൈക്കിള്‍. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന പത്തൊമ്പതുകാരനായ അലന്‍ മൈക്കിളിന് മലയാളം ഉള്‍പ്പടെ 6 ഭാഷകളിലെ കവിതകള്‍ ഭാവം ഉള്‍ക്കൊണ്ട് ആലപിക്കുവാന്‍ കഴിയും. മലയാളം, കന്നഡ, ബംഗാളി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ കവിതകളാണ് അലന്‍ ആലപിക്കുന്നത്. അനില്‍ പനച്ചൂരാന്‍, ഒ.എന്‍.വി, വയലാര്‍ തുടങ്ങിയ കവികളുടെ വലയില്‍വീണ കിളികള്‍, അമ്മ, ആത്മാവില്‍ ഒരു ചിത, നിശാഗന്ധി നീ എത്ര ധന്യ എന്നീ കവിതകള്‍ക്ക് പുറമെ കുഞ്ചന്‍ നമ്പ്യാരുടെ കീചകവധം പറയന്‍തുള്ളല്‍ വരെ അനായാസമായി ആലപിക്കും. കൂടാതെ ബംഗാളിയിലെ രവീന്ദ്ര സംഗീതം, കൂവേമ്പിന്റെ കന്നഡ, ഹിന്ദിയില്‍ ഒരു താരാട്ട്, ഇംഗ്ലീഷില്‍ ലീഡ് കൈന്‍ഡ്‌ലി ലൈറ്റ് തുടങ്ങിയ കവിതകള്‍ അലന്റെ ആലാപന ഭംഗിയില്‍ വിസ്മയം തീര്‍ക്കുന്നവയാണ്.
ഇടുക്കി പീരുമേട് ചിന്തനാര്‍ സ്വദേശി മൈക്കിളിന്റെയും ജെസിയുടെയും മൂന്നാമത്തെ മകനായ അലന്‍ മൈക്കിള്‍ 2023ലാണ് ഡി.എ.സിയില്‍ എത്തുന്നത്. സംഗീതത്തിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കി വരികയായിരുന്നു. നൂറോളം സിനിമാ ഗാനങ്ങള്‍ കരോക്കെയുടെ അകമ്പടിയോടെയും അല്ലാതെയും ആലപിക്കും. അലന്റെ ഓര്‍മശക്തിയുടെ ആഴം മനസ്സിലാക്കിയ സെന്ററിലെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗം അദ്ധ്യാപിക ഡോ.എ.എം മേരിക്കുട്ടിയാണ് കവിതാലാപന വിഭാഗത്തിലെ കഴിവ് തിരിച്ചറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരിശീലനമാണ് ഈയൊരു നേട്ടം സ്വന്തമാക്കുവാന്‍ കഴിഞ്ഞ്.
വ്യക്തമായ ഉച്ചാരണത്തോടെയും ശരിയായ താളത്തോടെയും അവതരിപ്പിക്കുവാനുള്ള അസാധാരണ കഴിവ് അലന് സ്വന്തമാണ്. ആശയവിനിമയത്തിലും ഭാഷാ പഠനത്തിലും ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. എഴുതുവാനും വായിക്കുവാനും അറിയാത്തതിനാല്‍ കേള്‍വിയിലൂടെ മാത്രമാണ് ഇത് സ്വായത്തമാക്കിയത്. ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ അദ്ധ്യാപകരുടെ പരിശീലനനത്തിന് പുറമെ കുടുംബത്തിന്റെ പിന്തുണ കൂടി ചേര്‍ന്നപ്പോള്‍ ഈ നേട്ടം കൈവരിക്കാനായി. ഓരോ ഭാഷയുടെയും ശബ്ദവ്യത്യാസം പോലും കൃത്യമായി പകര്‍ത്തുന്നുണ്ട്. ഇനിയും നിരവധി ഭാഷകള്‍ പരിശീലിപ്പിച്ചാല്‍ അലന് നിഷ്പ്രയാസം അത് ഹൃദിസ്ഥമാക്കുവാന്‍ കഴിയും. ഇത്തരത്തില്‍ പത്തോളം ഭാഷകള്‍ പഠിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഡി.എ.സി.
അലന്‍ മൈക്കിള്‍ ഒരുദാഹരണമാണ്. ഓട്ടിസം ബാധിതരായ കുട്ടികള്‍ളില്‍ ഇത്തരത്തിലുള്ള കഴിവുകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. അത് ശരിയാംവിധം കണ്ടെത്തി അനുയോജ്യമായ പരിശീലനം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്നത് ഒരു പ്രക്രിയ കൂടിയാണിത്. ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പരിഗണനയും ലഭിക്കുവാനും സെന്റര്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ വിപുലീകരിച്ച സെന്റര്‍ കാസര്‍ഗോഡ് ഒരുങ്ങുകയാണ്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഇവിടെ പരിശീലനം നല്‍കുവാന്‍ കഴിയും. പത്ര സമ്മേളനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, സീനിയര്‍ ലിംഗ്വിസ്റ്റും അലന്റെ പരിശീലകയുമായ ഡോ.എ.എം മേരിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *