ഗോള്‍വല കാക്കാന്‍ സന്തോഷ് ട്രോഫി ജേതാവ് ഹജ്മല്‍

Spread the love

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഗോള്‍വല കാക്കാന്‍ സന്തോഷ് ട്രോഫി ജേതാവ് ഹജ്മല്‍ സക്കീറും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം പ്രതീക് കുമാര്‍ സിംഗും. മധ്യനിരയില്‍ ക്രെയ്ഗ് മങ്ക്ഖാന്‍ലിയനെയും ടീമിലെത്തിച്ചു.
പാലക്കാട് ഒലവക്കോട് സ്വദേശിയായ ഹജ്മല്‍ സക്കീര്‍ കേരളത്തിലെ പരിചയസമ്പന്നനായ ഗോള്‍കീപ്പറാണ്. 2018, 2022 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി കിരീടവും 2024-25 സന്തോഷ് ട്രോഫിയില്‍ റണ്ണറപ്പുമായിരുന്നു. 2022ലെ ദേശീയ ഗെയിംസില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്.സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരം നേടിയ ഹജ്മല്‍ ഫോര്‍സ കൊച്ചി, കാലിക്കറ്റ് എഫ്സി, കെഎസ്ഇബി എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്സിക്കായി 10 മത്സരങ്ങളില്‍ നിന്ന് 27 സേവുകളും ആറ് ക്ലീന്‍ ഷീറ്റുകളും സ്വന്തമാക്കി.
ചണ്ഡിഗഢ് സ്വദേശിയായ പ്രതീക് കുമാര്‍ സിംഗ് ചെന്നൈ സിറ്റി എഫ്സി, നെറോക്ക എഫ്സി, റിയല്‍ കശ്മീര്‍ എഫ്സി, ഡെംപോ എസ്സി തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു. ഐ-ലീഗ്, ഐഎസ്എല്‍, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ ലീഗ് കേരള, ഐ-ലീഗ് 2 തുടങ്ങിയ വിവിധ ടൂര്‍ണമെന്റില്‍ കളിച്ച അനുഭവസമ്പത്തുമായി ആണ് കണ്ണൂര്‍ വാരിയേഴ്‌സിലെത്തുന്നത്.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ സ്വദേശിയായ ക്രെയ്ഗ് മങ്ക്ഖാന്‍ലിയന്‍ കേരള യുണൈറ്റഡിനൊപ്പം 2023, 2024 വര്‍ഷങ്ങളില്‍ കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരമാണ്. കേരള യുണൈറ്റഡിനായി ഐ-ലീഗ് 3 ലും കളിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എഫ്സി, ഭവാനിപൂര്‍ എഫ്സി, ഗോകുലം കേരള എഫ്സി തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു.

ഫോട്ടോ
ഹജ്മല്‍ സക്കീര്‍, പ്രതീക് കുമാര്‍ സിംഗ്, ക്രെയ്ഗ് മങ്ക്ഖാന്‍ലിയന്‍

Leave a Reply

Your email address will not be published. Required fields are marked *