സിംഗപ്പൂരില്‍ സ്‌കൂളില്‍ തീപിടുത്തം
സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ പത്തുവയസുകാരി മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരുക്കേല്‍കയും ചെയ്തു. ഇതില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ മകനും ഉള്‍പ്പെടും. ചൊവ്വാഴ്ചയാണ് കുട്ടികള്‍ക്കായുള്ള പഠനവും പഠനമികവ് വര്‍ധിപ്പിക്കാനുള്ള ക്‌ളാസുകളും നടക്കുന്ന സിംഗപ്പൂരിലെ ഷോപ്പ്ഹൗസില്‍ തീപിടുത്തമുണ്ടായത്.
23നും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആറുപേര്‍, ഏഴു വയസുകരാനായ പവന്‍ കല്യാണിന്റെ മകന്‍ ഉള്‍പ്പെടെ ആറിനും പത്തിനുമിടയില്‍ പ്രായമുള്ള പതിനാറ് കുട്ടികള്‍ എന്നിവരെയാണ് മൂന്നുനിലകളുള്ള റിവര്‍ വാലി റോഡ് ബില്‍ഡിംഗില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ഥിനി മരിച്ചത്. സംഭവത്തില്‍ അട്ടിമറിയൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
രക്ഷപ്പെടുത്തിയ കുട്ടികളില്‍ പലരും ബോധരഹിതരായിരുന്നു. മാത്രമല്ല പലര്‍ക്കും നന്നായി പൊള്ളലേറ്റിട്ടുമുണ്ട്. പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കറിന് സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റതായി ജനസേന പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മാര്‍ക്കിന്റെ കാലിനും കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. പുക ശ്വസിച്ചത് ശ്വാസകോശത്തേയും ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. കല്യാണ്‍ അദ്ദേഹത്തിന് നിലവിലുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളെല്ലാം പൂര്‍ത്തിയാക്കി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.