സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: തമിഴ്‌നാട് സ്വദേശിയായ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു

Spread the love

റിയാദ് :സൗദി അറേബ്യൻ അതിർത്തിയിലെ കടലിൽ ഇറാന്റെ കടൽക്കൊള്ളക്കാർ നടത്തിയ വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശിയായ മൽസ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ സിർകാഴി താലൂക്ക് സ്വദേശിയായ മാവീരൻ (40) ആണ് കൊല്ലപ്പെട്ടത്.സൗദി-ഇറാൻ കടൽ അതിർത്തിക്ക് സമീപം ഓഗസ്റ്റ് 10-ന് രാത്രിയായിരുന്നു സംഭവം. മൂന്ന് സഹപ്രവർത്തകർക്കൊപ്പം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന മാവീരന്റെ ബോട്ടിന് നേരെ ആയുധധാരികളായ കൊള്ളക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബോട്ട് തട്ടിയെടുക്കാനുള്ള ശ്രമം മാവീരനും സംഘവും ചെറുത്തതോടെയാണ് കൊള്ളക്കാർ വെടിയുതിർത്തത്.മാവീരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മയിലാടുതുറൈ, കടലൂർ സ്വദേശികളായ ശങ്കർ, ബാൽരാജ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സൗദി നാവികസേന ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആറു വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്ന മാവീരൻ മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്.മേഖലയിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്കിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മാവീരന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും പ്രവാസി മൽസ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണമെന്നും മൽസ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *