കർക്കടകവാവുബലി ഇന്ന്: പിതൃതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
തിരുവനന്തപുരം :പിതൃമോക്ഷത്തിനും അനുഗ്രഹത്തിനുമായി ലക്ഷക്കണക്കിന് വിശ്വാസികൾ ഇന്ന് കർക്കടകവാവുബലി അർപ്പിക്കുന്നു. സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ നവാമുകുന്ദ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കോഴിക്കോട് വരക്കൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പുലർച്ചെ രണ്ടു മണിയോടെ തന്നെ തർപ്പണച്ചടങ്ങുകൾ ആരംഭിച്ചു.വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം വൈകുന്നേരം വരെ തുടരും. ഹരിതചട്ടം പൂർണ്ണമായും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നത്. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ സംവിധാനങ്ങളും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

