പള്ളികൾ കേന്ദ്രീകരിച്ച് മോഷണം: അരീക്കോട് സ്വദേശിയെ തിരൂർ പോലീസ് പിടികൂടി
തിരൂർ: വിവിധ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന യുവാവ് തിരൂർ പോലീസിന്റെ പിടിയിലായി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി ടി.പി. മുഹമ്മദ് ഫൈറൂസ് (29) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഉസ്താദിന്റെ മുറിയിൽ കയറി കവർച്ചചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പകൽ സമയത്ത് പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, മുകളിലത്തെ നിലയിലുള്ള ഉസ്താദിന്റെ മുറിയിലെത്തുകയായിരുന്നു. തുടർന്ന് ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളഞ്ഞു. പള്ളി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്.വിവിധ സ്റ്റേഷനുകളിൽ കേസുകൾഅറസ്റ്റിലായ ഫൈറൂസിനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് വ്യക്തമായത്. കണ്ണൂർ, അരീക്കോട്, മലപ്പുറം തുടങ്ങി വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ മുൻപും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ജിഷ്‌ണു, ജിതിൻ, രാജശേഖരൻ, നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗ്ഗീസ്, ജീനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

