2040 ഓടെ സമ്പൂർണ്ണ പുനരുപയോഗ ഊർജ്ജ സംസ്ഥാനമാകാൻ കേരളം – പഠനരേഖ പ്രസിദ്ധീകരിച്ചു
2040 ഓടെ പൂർണ്ണമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് പാതയൊരുക്കുക ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി.യും WRI-ഉം സംയുക്തമായി ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ശിൽപശാലയിൽ സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ആകെ ആവശ്യകതയിൽ പുനരുപയോഗ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും വിശദമായി ചർച്ചചെയ്തു. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 26 ശതമാനവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് നിറവേറ്റുന്നത്. എന്നിരുന്നാലും, വികസന പ്രവർത്തനങ്ങളും വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിലെ വർദ്ധന, ചൂടുകൂടുന്നതിനനുസരിച്ച് എ.സി.കളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് എന്നിവയുൾപ്പെടെയുള്ള പുതിയ ആവശ്യങ്ങളും കാരണം വൈദ്യുതി ആവശ്യം അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ‘കേരളത്തിന്റെ ഹരിത ഊർജ്ജ സംക്രമണത്തിനുള്ള വഴികൾ’ (Pathways for Kerala’s Clean Energy Transition) എന്ന പഠനരേഖയുടെ പ്രകാശനവും സമ്മേളനത്തിൽ നടന്നു. ഡബ്ല്യു.ആർ.ഐ. ഇന്ത്യ തയ്യാറാക്കിയ ഈ പഠനരേഖയിൽ 2040 ഓടെ കേരളത്തിന്റെ ഊർജ്ജ ആവശ്യകതയിൽ ഉണ്ടാകുന്ന വർദ്ധനയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെ ഈ ആവശ്യം നിറവേറ്റുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി ആസൂത്രണത്തിന്റെ പിൻബലത്തോടെ ഒത്തൊരുമയോടെ പ്രയത്നിച്ചാൽ 2040 ഓടെ പൂർണ്ണമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുക എന്ന ലക്ഷ്യം അസാധ്യമല്ലെന്ന് കെ.എസ്.ഇ.ബി. ജനറേഷൻ & റീസ് വിഭാഗം ഡയറക്ടർ രാജൻ എം.പി. അഭിപ്രായപ്പെട്ടു. ഗ്രിഡ് സ്ഥിരത നിലനിർത്തിക്കൊണ്ട് പുനരുപയോഗ ഊർജ്ജം വൈദ്യുതവ്യവസ്ഥയിലേക്ക് സന്നിവേശിപ്പിക്കുക എന്നത് കെ.എസ്.ഇ.ബി.യുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണെന്നും ഈ ശില്പശാലയും പഠനറിപ്പോർട്ടും ആ ലക്ഷ്യത്തിലേക്കുള്ള പാതയിൽ വെളിച്ചം വീശുന്നു എന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരും, അനെർട്ട്, ഇ.എം.സി., കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, കില (KILA), കെ.ടി.ഡി.സി., ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഡബ്ല്യു.ആർ.ഐ. ഇന്ത്യ എന്നിവയുടെ പ്രതിനിധികളും പുനരുപയോഗ ഊർജ്ജമേഖലയിലെ വിദഗ്ധരും ചർച്ചകളുടെ ഭാഗമായി.


