തമിഴ്നാട്ടിൽ നിന്നുള്ള കരിങ്കൽ പ്രതിസന്ധി;സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിൽ

Spread the love

കരിങ്കല്ലും മറ്റ് നിർമാണ സാധനങ്ങൾക്കും തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായി കേരളത്തിലെ നിർമാണ മേഖല. നിരോധനം തുടർന്നാൽ വിഴിഞ്ഞമടക്കമുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതികളും പാതിവഴിയിലാകും. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് ക്രെടായി അടക്കമുള്ള സംഘടനകൾ.നിർമാണ മേഖലയ്ക്ക് ആവശ്യമായ പാറയും മെറ്റിലും അടക്കമുള്ള സാധനങ്ങൾ തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ, നിയന്ത്രണം ഏർപ്പെടുത്തിയതോടെ, കേരള തമിഴ്നാട് അതിർത്തി മേഖലയിൽ വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്. തമിഴ്നാട് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മൂന്നു മാസത്തേക്കാണ് നിരോധന ഉത്തരവ് പുറത്തിറക്കിയിത്. പാറ, മെറ്റൽ,ചിപ്സ്, ജെല്ലി, എം, സാൻഡ് ഉൾപ്പെടെയുള്ളവ ഇനി മറ്റു സംസ്ഥാനങ്ങൾക്ക് നൽകില്ല. സംസ്ഥാനത്തെ ദൌർലഭ്യം പരിഗണിച്ചാണ് ഉത്തരവെന്നാണ് സർക്കാർ വാദം. ഉത്തരവ് പുറത്തിറങ്ങിയതോടെ കേരളത്തിലെ നിർമാണ മേഖല താളം തെറ്റിയിരിക്കുകയാണ്.വിഴിഞ്ഞം തുറമുഖം, എയർപോർട്ടിന്റെ റൺവേ നിർമാണം, റെയിൽവേയുടെ പാത ഇരട്ടിക്കൽ,ദേശീയപാത നിർമ്മാണം അടക്കമുള്ള വലിയ നിർമാണ പ്രവർത്തനങ്ങൾക്കും കാലതാമസം ഉണ്ടാകും. വലിയ വാഹനങ്ങൾ ഓടാത്ത സ്ഥിതി ആയാൽ വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലാകും.നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിക്ക് കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *