ടിവികെ അധ്യക്ഷനും നടനുമായ വിജയ് കരൂർ സന്ദർശിക്കും
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് കരൂർ സന്ദർശിക്കും. ദുരന്തം ഉണ്ടായതിനു പിന്നാലെ നേതാവ് മുങ്ങിയെന്ന് മദ്രാസ് ഹൈക്കോടതി വരെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ഈ ആഴ്ച്ച കരൂരിൽ എത്തുമെന്ന റിപ്പോർട്ട്. ഇതെന്തു നേതാവാണെന്നും ഇത് എന്ത് പാർട്ടിയാണെന്നുമായിരുന്നു കോടതിയുടെ വിമർശനം. സ്വന്തം പാർട്ടി പരിപാടിക്കു വന്ന് കുട്ടികളും സ്ത്രീകളുമടക്കം മരിച്ചുവീഴുമ്പോൾ നേതാവ് മുങ്ങി എന്നാണ് കോടതി കുറ്റപ്പടുത്തിയിരുന്നത്. എന്നാൽ, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന കാര്യത്തിൽ വ്യക്തമല്ല.അതിനിടെ ടിവികെ ജില്ലാ നേതാക്കൾ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. ദുരന്തം സംഭവിച്ച് ഇത് ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകൾ സന്ദർശിച്ചത്. ടിവികെ കരൂർ ഈസ്റ്റ് ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് മരിച്ചവരുടെ വീടുകളിൽ എത്തിയത്. ദുരന്തം ഉണ്ടായതിനു പിന്നാലെ വേണ്ട നിർദേശങ്ങൾ നൽകാതെ വിജയ് അപകടസ്ഥലത്ത് നിന്ന് മടങ്ങിയതിൽ കരൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും വിമർശനമുണ്ടെന്നാണ് സൂചന. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതാക്കളടക്കം വന്നുപോയിട്ടും വിജയ് നീലങ്കരയിലെ വീട്ടിൽ തുടർന്നതിലാണ് അമർഷം.അതേസമയം, അടുത്ത രണ്ടു മൂന്ന് ദിവസങ്ങൾക്കകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന. വിജയ് എത്തു മുമ്പ് മരിച്ചവരുടെ വീടുകൾ സന്ദർശിക്കരുതെന്ന നിർദേശം കരൂർ വെസ്റ്റ് ജില്ലാ ഘടകത്തിനു ലഭിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, വിജയ് ക്കെതിരെ ഉടൻ നടപടി ഇല്ലെന്ന സൂചന നൽകി മുതിർന്ന മന്ത്രിമാർ. വ്യക്തമായ തെളിവുകൾ ലഭിക്കാതെ ആരെയും അറസ്റ്റ് ചെയുന്ന സമീപനം ഡിഎംകെ സർക്കാരിനില്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി.