രാജ്യാന്തര ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ; താവളമാക്കിയത് കോവളം
തിരുവനന്തപുരം: കോവളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജ്യാന്തര ഓൺലൈൻ വായ്പ തട്ടിപ്പ് കമ്പനി പൊലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ – ന്റെ പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വായ്പ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമേരിക്കക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ലക്ഷ്യമിട്ട് വൻതോതിൽ തട്ടിപ്പ് നടത്തിവന്ന ഈ കമ്പനിയിൽ നിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ നിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

