വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദൻ വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം

Spread the love

കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. 2025 ജൂലൈ 21-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചത്. 101-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സമാനതകളില്ലാത്ത പോരാട്ടവീര്യം കൊണ്ട് കേരള പൊതുമണ്ഡലത്തില്‍ അമരപ്രതിഷ്ഠ നേടിയ വിഎസിന്റെ അഭാവം ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ പ്രകടമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ സംഭവവികാസങ്ങളിലും, പ്രത്യേകിച്ചും സിപിഎം കനത്ത തിരിച്ചടികള്‍ നേരിട്ട ഈ സമയങ്ങളില്‍ ‘വിഎസ് ഉണ്ടായിരുന്നെങ്കില്‍’ എന്ന ചോദിക്കാത്തവരായി ഒരു പാര്‍ട്ടി അനുഭാവി പോലുമുണ്ടാകില്ല.സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു വിഎസ്. പാര്‍ട്ടിക്ക് ഉള്ളിലും പുറത്തും ഒരേസമയം ജനങ്ങളുടെ ശബ്ദമായി മാറിയ നേതാവ്. ആവശ്യമുള്ളപ്പോള്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ അദ്ദേഹത്തോളം ആര്‍ജ്ജവം കാണിച്ച മറ്റൊരു നേതാവുണ്ടോയെന്നത് സംശയമാണ്.ഇന്നും ജ്വലിക്കുന്ന വിപ്ലവ സൂര്യന്‍വിഎസിന്റെ അഭാവം ഇടതുരാഷ്ട്രീയത്തിന് സൃഷ്ടിച്ച ശൂന്യത ചെറുതല്ല. ജനകീയ വികാരങ്ങളെ തൊട്ടറിഞ്ഞ് പാര്‍ട്ടിയെ നയിച്ച ആ പഴയ വിഎസ് ശൈലിയുടെ അഭാവം ഇന്ന് സിപിഎമ്മിനുള്ളില്‍ പ്രകടമാണ്. കേരള രാഷ്ട്രീയ എപ്പോഴൊക്കെ അഴിമതിയുടെ നിഴലില്‍ വീഴുന്നുവോ, അപ്പോഴൊക്കെ ജനം വിഎസിന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നുണ്ട്.മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലും, കയ്യേറ്റക്കാര്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സംസ്ഥാനത്തിന്റെ പരിസ്ഥിതി രാഷ്ട്രീയത്തിന് പുതിയ മാനം പകര്‍ന്ന നേതാവാണ് വിഎസ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും വിഎസായിരുന്നു പടയാളി. അതുകൊണ്ട് തന്നെയാണല്ലോ, ‘വിഎസ് ഉണ്ടായിരുന്നെങ്കില്‍’ എന്ന ചിന്ത ഇപ്പോഴും ജനമനസുകളില്‍ ഉയരുന്നത്.1964-ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു വിഎസ്. എന്നും ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി സഞ്ചരിച്ച കമ്മ്യൂണിസ്റ്റ്. പാർട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം വിഎസ്‌ കൈക്കൊണ്ട നിലപാടുകൾ അദ്ദേഹത്തെ ജനങ്ങളുടെ പ്രിയപ്പെട്ട ‘സഖാവ്’ ആക്കി മാറ്റി.അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജനമനസുകളില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ തലസ്ഥാന നഗരിയിലേക്കും, ജന്മനാടായ ആലപ്പുഴയിലേക്കും ജനം നിറകണ്ണുകളോടെ ഒഴുകിയെത്തിയത്.സമുചിതമായി ആചരിക്കാന്‍ പാര്‍ട്ടിവിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് സമുചിതമായി ആചരിക്കും. വിഎസ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ ഒമ്പതിന്‌ നടക്കുന്ന പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും പാർടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന്‌ അനുസ്‌മരണ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *