ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കേരള റെയില്‍വേ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 14 പേര്‍ അറസ്റ്റില്‍

Spread the love

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കേരള റെയില്‍വേ പോലീസ് സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ പ്രത്യേക പരിശോധനയില്‍ 16 NDPS കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 14 പേരാണ് അറസ്റ്റിലായത്.

റെയില്‍വേ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റെയില്‍വേ പരിസരങ്ങളിലെ ലഹരിക്കടത്തും വിതരണവും തടയുന്നതിനുമായി പ്രത്യേക പരിശോധനകൾ തുടര്‍ന്നും നടത്തുന്നതാണെന്ന് കേരള റെയില്‍വേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണ കുമാര്‍ അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള റെയില്‍വേ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് വ്യാപക പരിശോധനകളും റെയ്ഡുകളും നടത്തിയത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ശ്വാന സേന (K9 സ്ക്വാഡ്) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകളും നടത്തി.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതായി സംശയിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേരള റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ 28.749 കി.ഗ്രാം കഞ്ചാവും 398 ഗ്രാം ചരസ്സും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതാണ്.

ഇത്തരം കേസുകളില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളായി കേരളത്തിലെത്തിയവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9846200100) വാട്സ്ആപ്പ് (9497935859) മുഖേനയും റെയില്‍വേ പോലീസിനെ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *