കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം ഉമ തോമസ് എം എൽ എ യുടെയും ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ്റെയുംനേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം

Spread the love

കോറോ ഹെൽത്ത് കമ്പനി ഇന്നു മുതൽ പ്രവർത്തിക്കും

*തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ പത്താം തിയതി ചർച്ച

ജീവനക്കാരുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോറോ ഹെൽത്ത് കമ്പനി ഇന്ന് രാവിലെ മുതൽ തുറന്ന് പ്രവർത്തിക്കാൻ ധാരണയായി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം ഉമ തോമസ് എം എൽ എ യുടെയും ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ്റെയും നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.

മാനേജ്മെന്റ് പ്രതിനിധികൾ നേരിട്ട് യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും അവരുടെ അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയൻ ഭാരവാഹികളും തമ്മിൽ നടത്തിയ വിശദമായ ചർച്ചയിലാണ് ജീവനക്കാർക്ക് അനുകൂലമായ താത്കാലിക തീരുമാനം ഉണ്ടായത്.

കമ്പനിയിലെ ജീവനക്കാർക്ക് ഓഫീസിൽ കയറി ജോലി ചെയ്യാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്ന് രാവിലെ മുതൽ ഒരുക്കുമെന്ന് കമ്പനിയുടെ നിയമോപദേഷ്ടാവ് അഡ്വൈസർ വ്യക്തമാക്കിയതായി ഉമാ തോമസ് എം എൽ എ അറിയിച്ചു.

മുൻ ദിവസങ്ങളിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഓഫീസ് പ്രവർത്തനം സുഗമമാക്കാനും ജില്ലാ ലേബർ ഓഫീസറും അസിസ്റ്റന്റ് ലേബർ ഓഫീസറും ഇന്ന് കമ്പനിയിൽ നേരിട്ടെത്തും. വരും ദിവസങ്ങളിലെ ശമ്പള വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വരാനിരിക്കുന്ന വിശദമായ ചർച്ചകളിൽ ഉൾപ്പെടുത്തും.
ജൂലൈ പത്താം തിയതി കൊച്ചിയിൽ കമ്പനിയുടെ ഭാവി പ്രവർത്തനം സംബന്ധിച്ച് നിർണ്ണായക ചർച്ച നടക്കും. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കുന്ന ഈ യോഗത്തിൽ കമ്പനി ഡയറക്ടർ ബോർഡ് പ്രതിനിധികളും പങ്കെടുക്കും.

നിലവിൽ എറണാകുളത്ത് 616 ഓളം ജീവനക്കാരും കോഴിക്കോട് മുന്നൂറോളം ജീവനക്കാരും ഈ സ്ഥാപനത്തെ ആശ്രയിച്ച് ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരുടെ പ്രതിനിധികളും ഇന്നത്തെ ചർച്ചയുടെ ഭാഗമായിരുന്നു.

ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം വലിയൊരു വിഭാഗം ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് 90 ദിവസം മുൻമ്പ് സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പത്താം തിയതിയിലെ ചർച്ച വലിയൊരു വഴിത്തിരിവാകും.

Leave a Reply

Your email address will not be published. Required fields are marked *