പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും താൽക്കാലികമായി പിന്മാറി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്
നടപ്പു സാമ്പത്തിക വർഷം നടത്താനിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും താൽക്കാലികമായി പിന്മാറി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ഐപിഒ മുഖാന്തരം ഓഹരികൾ വിറ്റഴിക്കാനായിരുന്നു ജോയ് ആലുക്കാസിന്റെ നീക്കം. ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 2,300 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. ഈ തീരുമാനത്തിൽ നിന്നാണ് ജോയ് ആലുക്കാസ് പിൻവാങ്ങിയിരിക്കുന്നത്.ഇത്തവണ താൽക്കാലികമായി പിന്മാറിയെങ്കിലും, അടുത്ത സാമ്പത്തിക വർഷം ഐപിഒ നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകാനാണ് ജോയ് ആലുക്കാസിന്റെ തീരുമാനം. നിലവിൽ, 25,500 കോടി രൂപയുടെ ആസ്തിയാണ് ജോയ് ആലുക്കാസിന് ഉള്ളത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് കടബാധ്യതകൾ തീർത്ത് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യയിലെ മുൻനിര ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് 68 നഗരങ്ങളിൽ ഷോറൂമുകൾ ഉണ്ട്.