ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ :സുരക്ഷയൊരുക്കാൻ 3000 പൊലീസുകാര്‍
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍. 6 ദിവസം മാത്രമാണ് ഇനി പൊങ്കാലക്ക് ബാക്കിയുള്ളത്.ഉത്സവത്തിന് മുന്നോടിയായി തന്നെ വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്നുണ്ട്. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുൾപ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികൾ, അറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ശുചിത്വ മിഷന്റെയും കോർപ്പറേഷന്റെയും, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും സ്വാഡുകൾ വിവിധയിടങ്ങളിൽ പരിശോധനയും നടത്തും.ഈ മാസം 27 ന് രാവിലെ ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്നിന് ബാലന്മാരുടെ കുത്തിയോട്ട വ്രതത്തിന് ആരംഭമാകും. ആറ്റുകാൽ പൊങ്കാല മാർച്ച് 7ന് നടക്കും. പാരമ്പര്യ രീതിയിൽ തലസ്ഥാന നഗരം നിറയുന്ന വിധം പൊങ്കാല അർപ്പിക്കാനുള്ള ക്രമീകരമാണ് ഒരുക്കുന്നത്.ക്ഷേത്രാലങ്കാരങ്ങളടക്കമുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികൾ ഏറെക്കുറെ പൂർത്തിയാക്കി. വഴിവിളക്കുകളുടെയും പൈപ്പ് പൊട്ടലിന്റെയും തകരാറുകൾ പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ വകുപ്പുകൾ ചുമതലപ്പെടുത്തി. ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ നടക്കുന്ന വേദികളുടെ നിർമാണം ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുന്നു.