നെയ്യാറ്റിൻകരയിൽ 11 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകരയിൽ 11 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നെയ്യാറ്റിൻകരയിൽ വൻ ലഹരിമരുന്ന് വേട്ട. 11 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം നിലമ്പൂർ സ്വദേശിയായ നികേഷ് ബാലകൃഷ്ണൻ (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.ലഹരിമരുന്ന് കടത്തിലെ ഒരു കാരിയർ മാത്രമാണ് പിടിയിലായ നികേഷ് എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്ത് എത്തിയ ഇയാൾ, അവിടെനിന്ന് ബസ്സിലാണ് നെയ്യാറ്റിൻകരയിൽ എത്തിയത്. തുടർന്ന് നൗഷാദ് എന്നയാൾ നിർദ്ദേശിച്ചതനുസരിച്ച് കാത്തുനിൽക്കുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ വലയിലാകുന്നത്.സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസറുടെ നേതൃത്വത്തിലാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്.

