രാജ്യത്ത് തേയില കയറ്റുമതിയിൽ വൻ മുന്നേറ്റം
രാജ്യത്ത് തേയില കയറ്റുമതിയിൽ വൻ മുന്നേറ്റം. ടീ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി 18 ശതമാനമാണ് ഉയർന്നത്. ഇക്കാലയളവിൽ 200 ദശലക്ഷം കിലോ തേയില രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച്, രാജ്യത്തെ തേയില കയറ്റുമതി 176.53 ദശലക്ഷം കിലോഗ്രാമായിരുന്നു. ഇത്തവണ ലേല വില കിലോയ്ക്ക് 7 രൂപ വരെ വർദ്ധിച്ചത് നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറഞ്ഞ വില, ഉയർന്ന ഉൽപ്പാദന ചെലവ് എന്നിങ്ങനെയുള്ള ഘടകങ്ങൾ തേയില വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, 2022 സമ്മാനിച്ചത് മികച്ച നേട്ടമാണ്. 2022- ലെ മൊത്തം ഉൽപ്പാദനത്തിൽ 90 ശതമാനവും സിടിസി ഇനമായിരുന്നു. 10 ശതമാനം മാത്രമാണ് ഓർത്തഡോക്സ് ഇനം. അതേസമയം, ഇത്തവണ ഓര്‍ത്തഡോക്സ് ഇനത്തിലാണ് കയറ്റുമതിയിൽ കൂടുതൽ ഡിമാൻഡും വിലയും ഉണ്ടായിട്ടുള്ളത്.