എസ് പി സി സംസ്ഥാനതല ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

എസ് പി സി സംസ്ഥാനതല ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

“മാറ്റത്തിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം” എന്ന സന്ദേശത്തോടെ തിരുവനന്തപുരത്തു വെങ്ങാനൂരിൽ മെയ് 20ന് വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല വാർഷിക സഹവാസ ക്യാമ്പ് “ഐക്യ 2026” ഒരുക്കങ്ങൾ പൂർത്തിയായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത 939 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നത്-107. മറ്റു ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഇപ്രകാരമാണ് തിരുവനന്തപുരം -103 , പത്തനംതിട്ട – 31, ആലപ്പുഴ – 51, കോട്ടയം – 44, എറണാകുളം – 62, ഇടുക്കി – 48, തൃശൂർ – 76, മലപ്പുറം – 91, പാലക്കാട് – 65, കോഴിക്കോട് – 91, വയനാട് – 43, കണ്ണൂർ – 82, കാസർഗോഡ് – 43.
ആറു ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്ന ആൺ പെൺ കുട്ടികൾക്കായുള്ള താമസ സൗകര്യങ്ങൾ വെങ്ങാനൂരിലെ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലും , വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലുമായാണ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പിലെത്തുന്ന കുട്ടികളുടെ ഭക്ഷണമൊരുക്കുന്നതു കുടുംബശ്രീയാണ്.
ക്യാമ്പിന്റെ വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും. കൂടാതെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി സെഷൻ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *