രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 10:30ന് തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യാമസേനയുടെ ടെക്നിക്കൽ ഏര്യയിൽ എത്തുന്ന മോദി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്ക് പോകും. ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണിവരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:20ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും. നാളെ ഉച്ചയ്ക്ക് 1:10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന മോദി വൈകാതെ തന്നെ മഹാരാഷ്ട്രയിലേക്ക് പോകും.നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതല്‍ ഉച്ച വരെയുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.പുലര്‍ച്ചെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് – പേട്ട – ആശാന്‍ സ്‌ക്വയര്‍ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല.നാളെ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് തിരുവനന്തപുരത്തെ ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലെ പ്രധാന റോഡുകളിലോ ഇടറോഡുകളുടെ ഇരുവശങ്ങളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മുന്നറിയിപ്പ് ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരടക്കം യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴിയാണ് പോകേണ്ടത്. രാജ്യന്തര ടെര്‍മിനലിലേക്കുള്ളവർ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴി പോകണം.സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിയ്ക്ക് എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളിലാണ് ആളുകളെ ഇറക്കേണ്ടത്. തുടർന്ന് വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപാസില്‍ ഈഞ്ചക്കല്‍ – തിരുവല്ലം റോഡിന്‍റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യണം.