പ്രമുഖ താരങ്ങളെ കേന്ദ്രീകരിച്ച് മലയാള സിനിമാ നിര്‍മാണ മേഖലയില്‍ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി
കൊച്ചി : മലയാള സിനിമാ നിര്‍മാണ മേഖലയില്‍ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചതായി കണ്ടെത്തി. മോഹന്‍ലാലിന്റെ മൊഴി ഇന്നലെ ആദായനികുതി വകുപ്പ് രേഖപ്പെടുത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പു കളക്ഷന്‍ കോടികളിലേക്കു കുതിക്കുന്നതായി ചില നിര്‍മാതാക്കള്‍ അവകാശപ്പെട്ടതോടെയാണ് സിനിമാ മേഖലയില്‍ കള്ളപ്പണ സാന്നിധ്യത്തെക്കുറിച്ചു സൂചന ലഭിച്ചത്. സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവില്‍ കളളപ്പണ ഇടപാടുകള്‍ നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന തുടരുകയാണ്. പ്രമുഖ താരങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്വത്തു വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌സിനിമാ നിര്‍മാതാക്കള്‍ ബിനാമി ഇടപാടിലുടെ മലയാള സിനിമയില്‍ പണം മുടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദുബായ് , ഖത്തര്‍ കേന്ദീകരിച്ചാണ് കള്ളപ്പണ ഇടപാടുകള്‍ ഏറെയും നടക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15 മുതലാണു മലയാള സിനിമ രംഗത്തെ സൂപ്പര്‍ താരങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.