പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടാതിരുന്നതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ചു

Spread the love

കൊല്ലം: പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടാതിരുന്നതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ചു.ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറില്‍ 54 കാരിയായ കുഞ്ഞമ്മ ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേറ്റത്.രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നത്. വളർത്തുനായയെ പിന്തുടർന്ന് എത്തിയ പുലി വീട്ടുമുറ്റത്തേക്ക് കടന്നെത്തുകയായിരുന്നു. രക്ഷപ്പെടാനായി നായ കുഞ്ഞമ്മയുടെ സമീപത്തേക്ക് ഓടിയെത്തിയപ്പോള്‍, അതിനെ പിടിക്കാൻ ശ്രമിച്ച പുലിയുടെ നഖങ്ങള്‍ കുഞ്ഞമ്മയുടെ ശരീരത്തില്‍ തട്ടുകയും ചെറിയ പരിക്ക് സംഭവിക്കുകയുമായിരുന്നു. എന്നാല്‍ അന്ന് ഇത് ഗുരുതരമല്ലെന്ന ധാരണയില്‍ ചികിത്സയോ വാക്‌സിനേഷനോ എടുത്തിരുന്നില്ല.പുലിയുടെ ആക്രമണത്തിലൂടെയാണോ, അതോ വളർത്തുനായയില്‍ നിന്നാണോ പേവിഷബാധ ഉണ്ടായതെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് പനിയും വിറയലും അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്തു.എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാതെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് തെന്മല പോലീസ് വഴിയില്‍വെച്ച്‌ ഓട്ടോറിക്ഷ തടഞ്ഞ് ആംബുലൻസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ പേവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസർ വഴി പുനലൂർ താലൂക്ക് ആശുപത്രിക്ക് കൈമാറി. മൃതദേഹം പിന്നീട് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *