സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോല്‍വി, പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞദിവസം ചേര്‍ന്ന പിബി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ ചര്‍ച്ചയായില്ല. അത് സംസ്ഥാനത്ത് തന്നെ തീരുമാനിക്കട്ടെ എന്നാണ് പിബിയില്‍ ധാരണയായത്.തെരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ, എകെജി സെന്ററില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. അതില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. യോഗത്തില്‍ ഇരുവരും മറുപടികള്‍ നല്‍കിയിരുന്നില്ല. പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും, ആരെയും ഭയക്കാതെ തുറന്ന ചര്‍ച്ച നടത്താവുന്നതാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.പിണറായി വിജയന്റെ ധാര്‍ഷ്ട്യം, എംവി ഗോവിന്ദന്റെ സ്വജനപക്ഷപാതം, പാര്‍ട്ടി സൈബര്‍, സോഷ്യല്‍ മീഡിയ സംഘങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയും വിമര്‍ശനന വിധേയമായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവാകുന്നതില്‍ പിണറായി വിജയന്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെ എന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പിണറായി വിസമ്മതിച്ചാല്‍ കെ എന്‍ ബാലഗോപാലിനെ പരിഗണിച്ചേക്കും. നാളെ മുതല്‍ രണ്ടു ദിവസം സംസ്ഥാന കമ്മിറ്റി യോഗവും ചേരും.

Leave a Reply

Your email address will not be published. Required fields are marked *