ഓണക്കാഴ്ചകൾ ഇന്നും കൂടി, ആഘോഷിച്ച് മതിവരാതെ ജനങ്ങൾ
ഓണകാഴ്ചകൾക്ക് ഇന്ന് ( സെപ്റ്റംബർ 9) തിരശീല വീഴാൻ ഒരുങ്ങവെ കനകക്കുന്നിലേക്ക് ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ. ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ട്രേഡ് ഫെയറിലും ഭക്ഷ്യ മേളയിലും കുടുംബസമേതം എത്തുന്നവരുടെ തിരക്കാണെങ്കിൽ വിവിധ ഗെയിമുകളിലും ഓണം വൈബ് കളറാക്കാനുമൊക്കെയാണ് ന്യൂജെൻ പിള്ളേരാണ് ഏറെ എ ത്തുന്നത്. കനകക്കുന്നിലെ നാടൻ കലകൾ അരങ്ങേറുന്ന തിരുവരങ്ങ്, സോപാനം, കൊട്ടാരത്തിന്റെ അകത്തളം തുടങ്ങിയ വേദികളിലും ആസ്വാദകരുടെ ഒഴുക്കാണ്. പഴമയുടെ പ്രൗഢിയുമായി എത്തിയ നാടൻകലകൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. കഥകളിലും പാഠപുസ്തകങ്ങളിലും മാത്രം കണ്ട നാടൻ കലാരൂപങ്ങൾ നേരിട്ടു കണ്ട കൗതുകത്തിലും സന്തോഷത്തിലുമായിരുന്നു കനകക്കുന്നിലെത്തിയ ഓരോ കുട്ടിയും. ഗോസ്റ്റ് ഹൗസും അമ്പെയ്ത്തും കുട്ടികളുടെയും പ്രിയ ഇടങ്ങളാണ്.കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിം സോണും ലക്ഷങ്ങള്‍ വിലവരുന്ന അരുമ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന പെറ്റ്ഷോയുo, അക്വാഷോയും ആകർഷകമാണ്. പഴംപൊരിയും ബീഫും വിളമ്പുന്ന ഫുഡ്കോര്‍ട്ടാണ് ന്യൂജെന്‍ പിള്ളേരുടെ മറ്റൊരു താവളം. നിശാഗന്ധിയിലെ കലാപരിപാടികള്‍ കണ്ട് ഇഷ്ടഭക്ഷണവും കഴിച്ച് നഗരത്തിലെ ദീപാലങ്കാരവും ആസ്വദിച്ചാണ് എല്ലാവരും മടങ്ങുന്നത്.നഗരത്തിലെ ഓണാഘോഷവേദികള്‍ പോലെ തന്നെ ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലെ വേദികളും സജീവമാണ്. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, മടവൂര്‍പ്പാറ, വേളി ടൂറിസം വില്ലേജ്, ആക്കുളം ടൂറിസം വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റേയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും വിവിധ പരിപാടികൾ അരങ്ങേറി.അനന്തപുരിയെ ദീപക്കാഴ്ചകളില്‍ നിറച്ചും മുപ്പത്തിമൂന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും ജനങ്ങൾ ഓണാഘോഷത്തിമിർപ്പിലാണ്. മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ ഇന്ന് (സെപ്തംബര്‍ 9) വൈകിട്ട് നടക്കുന്ന പ്രൗഢ ഗംഭീരമായ ഘോഷയാത്രയോടെ സമാപിക്കും.