ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 57.69 അടി വെള്ളം കുറവ്

Spread the love

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 57.69 അടി വെള്ളം കുറവ്. വൃഷ്ടിപ്രദേശത്ത് രണ്ടാഴ്ചയായി മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വളരെ കുറഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം ബുധനാഴ്ചയാണ് ചെറിയ മഴ പെയ്തത്. അണക്കെട്ടില്‍ ഇനി 29.32 ശതമാനം വെള്ളമേയുള്ളൂ.2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2385.94 അടി ഉണ്ടായിരുന്നു.ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപഭോഗവും കൂടിയിട്ടുണ്ട്. 24 മണിക്കൂറില്‍ 6.285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ ജലമുപയോഗിച്ച് പ്രതിദിനം മൂലമറ്റം വൈദ്യുതനിലയത്തില്‍ ഉത്പാദിപ്പിക്കുന്നത്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാല്‍ വൈദ്യുതോത്പാദനം നിലയ്ക്കും. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വൈദ്യുതിചാര്‍ജ് വര്‍ധനയുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.കേന്ദ്രപൂളില്‍നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചാല്‍, സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം കുറച്ച് അണക്കെട്ടുകളിലെ ജലം നിലനിര്‍ത്താന്‍ കഴിയും. വൈദ്യുതിവില ഉയരുമ്പോള്‍, ഇങ്ങനെ സൂക്ഷിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വിലക്കയറ്റം നേരിടാന്‍ സാധിക്കും. എന്നാല്‍, കേന്ദ്രപൂളില്‍നിന്ന് ആവശ്യമായ വൈദ്യുതി പലപ്പോഴും ലഭിക്കാറില്ലെന്ന് വൈദ്യുതി വകുപ്പധികൃതര്‍ പറയുന്നു.സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞാല്‍ കൂടിയ വിലയ്ക്ക് സ്വകാര്യകമ്പനികളില്‍നിന്നുള്ള വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് താങ്ങാനുള്ള സാമ്പത്തികശേഷി സര്‍ക്കാരിനില്ലാതെ വരുമ്പോള്‍ ലോഡ് ഷെഡ്ഡിങ് ഉള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *