ജാഗ്രത പാലിക്കണംകടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ

Spread the love

ജാഗ്രത പാലിക്കണംകടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.പ്രധാന മുൻകരുതലുകൾ*വീടിനോട് ചേർന്നുള്ള പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുക. വീടിന്റെ വാതിലുകൾക്കും ജനാലകൾക്കും താഴെയുള്ള വിടവുകൾ അടയ്ക്കുക. ചൂട് കാരണം ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ ഉപയോഗിക്കുന്നത് പാമ്പുകൾ ഉള്ളിൽ കടക്കുന്നത് തടയാൻ സഹായിക്കും. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന് മുൻപ് കയറിലോ കപ്പിയിലോ പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കും. എലികളെ തേടി പാമ്പുകൾ വീടിനുള്ളിൽ എത്താൻ ഇത് കാരണമാകും.രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് കരുതുക. ഹെൽമെറ്റ്, ഷൂസ്, ചെരുപ്പുകൾ എന്നിവ വീടിന് പുറത്ത് അഴിച്ചു വയ്ക്കുന്നവർ അവ ധരിക്കുന്നതിന് മുമ്പ് പാമ്പുകൾ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നന്നായി കുടഞ്ഞു നോക്കുക. വാഹനങ്ങളിൽ ഇഴ ജന്തുക്കൾ കയറിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.വേനൽക്കാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കട്ടൻ പോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് വരാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.*പ്രഥമ ശുശ്രൂഷ*ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമിക ലക്ഷ്യം.പാമ്പ് കടിയേറ്റെന്ന് മനസ്സിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്. പേടിച്ചാൽ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. ശരീരം അനക്കരുത്. സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തുകകടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിൽ അമർത്തുകയോ മുറിവുണ്ടാക്കി രക്തം കളയാൻ ശ്രമിക്കുകയോ ചെയ്യരുത്. മുറിവിന്  മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന്കാരണമാകും. കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. പാമ്പുകടിയേറ്റാൽ ശാസ്ത്രീയ ചികിത്സാരീതികൾ മാത്രം പിന്തുടരുക.ശംഖുവരയൻ പാമ്പിന്റെ കടി പലപ്പോഴും വേദനയില്ലാത്തതാണ്. സാധാരണയായി രാത്രിയിൽ നിലത്തു കിടന്നുറങ്ങുന്നവരെയാണ് ഇത് കടിക്കാറുള്ളത്. മിക്കവാറും കടിക്കുന്ന ഭാഗത്ത് വീക്കമോ ചുവന്ന നിറമോ ഉണ്ടാകാറില്ല. പല്ലുകൾ വളരെ ചെറുതായതിനാൽ കടിയേറ്റ പാട് ഒരു കൊതുക് കടിച്ചതുപോലെയോ അല്ലെങ്കിൽ ഒട്ടും കാണാൻ കഴിയാത്ത വിധത്തിലോ ആയിരിക്കും. *ശംഖുവരയന്റെ കടിയേറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ* കണ്ണുകൾ: കൺപോളകൾ തൂങ്ങുക (നന്നായി ഉറക്കം വരുന്നതുപോലെ തോന്നും), കാഴ്ച മങ്ങുക.തൊണ്ട: ഇറക്കാനുള്ള പ്രയാസം, വായിൽ നിന്ന് നുരയും പതയും വരിക, അല്ലെങ്കിൽ ശബ്ദത്തിൽ മാറ്റം വരിക.വയർ: കഠിനമായ വയറുവേദന അല്ലെങ്കിൽ വയറുരച്ചിൽ (ഇത് വെള്ളിക്കെട്ടൻ കടിച്ചാൽ കാണുന്ന സാധാരണ ലക്ഷണമാണ്, എന്നാൽ പലപ്പോഴും ആളുകൾ ഇത് തിരിച്ചറിയാറില്ല).ശ്വാസകോശം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇതാണ് ഏറ്റവും അപകടകരമായ ഘട്ടം.*മൂർഖൻ പാമ്പിൻറെ കടി ഏറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ*മൂർഖൻ പാമ്പിന്റെ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയെയും പേശികളുടെ പ്രവർത്തനത്തെയുമാണ് നേരിട്ട് ബാധിക്കുന്നത്. വിഷബാധയുടെ ആദ്യ ലക്ഷണങ്ങളിലൊന്നായി കൺപോളകൾ തൂങ്ങിപ്പോകുന്നു. കാഴ്ച മങ്ങുന്നതിനും ഇത് കാരണമാകാറുണ്ട്. ശ്വസന തടസ്സം, വിഴുങ്ങാനുള്ള പ്രയാസം, നാക്കിലെയും തൊണ്ടയിലെയും പേശികൾ തളരുന്നത് മൂലം സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.*ആന്റിവെനം ലഭിക്കുന്ന ആശുപത്രികൾ* തിരുവനന്തപുരം ജില്ലയില്‍ പാമ്പിന്‍ വിഷത്തിനെതിരായ ആന്റിവെനം തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ് എ ടി, ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറൽ ആശുപത്രി നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, നെടുമങ്ങാട് ജില്ലാ  ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട മാനസികരോഗ്യ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വർക്കല താലൂക്ക് ആസ്ഥാന ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, മലയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, പാലോട് സാമൂഹിക ആരോഗ്യ കേന്ദ്രം, ആനാട് കുടുംബാരോഗ്യകേന്ദ്രം, കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രം, പനവൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ലഭ്യമാണ്. മുകളിൽ പരാമർശിച്ചിട്ടുള്ള  സർക്കാർ ആശുപത്രികളിൽ കൂടാതെ ജില്ലയിലെ അനന്തപുരി ആശുപത്രി, കിംസ് ആശുപത്രി, ഗോകുലം മെഡിക്കൽ കോളേജ്, എസ്.കെ ഹോസ്പിറ്റൽ ഇടപ്പഴഞ്ഞി, എസ്.യു.ടി പട്ടം, എസ്. പി.മെഡി ഫോർട്ട്, കോസ്മോപൊളിറ്റൻ ആശുപത്രി തുടങ്ങി ഐ.സി.യു സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും പാമ്പുകടിക്ക് ചികിത്സ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *