രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം; ബംഗാളിലും തമിഴ്‌നാട്ടിലും ഇന്ന് വോട്ടെടുപ്പ്
ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണത്തിനൊടുവിൽ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇന്ന് ജനവിധി. പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് പോളിംഗ്. ബംഗാളിലെ ബാക്കി സീറ്റുകളിലേക്ക് ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും.തമിഴ്‌നാട്ടിൽ 5.67 കോടി വോട്ടർമാരും ബംഗാളിലെ ഒന്നാം ഘട്ടത്തിൽ 3.6 കോടി വോട്ടർമാരുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസും (TMC) ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലാകട്ടെ ഡിഎംകെയും എഐഎഡിഎംകെയും പുതിയ കക്ഷിയായ നടൻ വിജയ്‍യുടെ ടിവികെയും (TVK) തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പ്രധാന സ്ഥാനാർത്ഥികളും മണ്ഡലങ്ങളുംഎം കെ സ്റ്റാലിൻ (ഡിഎംകെ): മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.വിജയ് (ടിവികെ): രാഷ്ട്രീയത്തിൽ ആദ്യമായി മാറ്റുരയ്ക്കുന്ന നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു.എടപ്പാടി കെ. പളനിസ്വാമി (എഐഎഡിഎംകെ): എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തന്റെ തട്ടകമായ എടപ്പാടിയിൽ നിന്ന് മത്സരിക്കുന്നു.ഒ പനീർസെൽവം (ഡിഎംകെ): എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ബോഡിനായ്ക്കന്നൂരിലാണ് ജനവിധി തേടുന്നത്.മറ്റ് പ്രമുഖർ: സത്യൂരിൽ നിന്ന് ബിജെപിയുടെ നൈനാർ നാഗേന്ദ്രനും, കോയമ്പത്തൂർ സൗത്തിൽ നിന്ന് സെന്തിൽ ബാലാജിയും (ഡിഎംകെ), മയിലാപ്പൂരിൽ നിന്ന് തമിഴിസൈ സൗന്ദരരാജനും ജനവിധി തേടുന്നു.നന്ദിഗ്രാം: പ്രതിപക്ഷ നേതാവും ബിജെപി കരുത്തനുമായ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിന്റെ പബിത്ര കറിനെയാണ് നേരിടുന്നത്. മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദുവിന് ഈ മണ്ഡലം നിലനിർത്തുക എന്നത് അഭിമാനപ്രശ്നമാണ്.ബഹറംപൂർ: മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ബിജെപിയുടെ സുബ്രത മൈത്രയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.അസൻസോൾ ദക്ഷിൺ: ബിജെപിയുടെ അഗ്നിമിത്ര പോളും തൃണമൂലിന്റെ തപസ് ബാനർജിയും നേർക്കുനേർ വരുന്നു.മത്താഭംഗ: ബിജെപിയുടെ നിസിത് പ്രമാണിക് തൃണമൂലിന്റെ സബ്ലു ബർമനെ നേരിടുന്നു.മറ്റ് പ്രധാന മത്സരങ്ങൾ: ഖരഗ്പൂർ സദറിൽ ദിലീപ് ഘോഷും (ബിജെപി) പ്രദീപ് സർക്കാരും (ടിഎംസി), ഡോംകലിൽ ഹുമയൂൺ കബീറും മുസ്തഫിജുർ റഹ്മാനും, പാനിഹാട്ടിയിൽ രത്ന ദേബ്നാഥും നിർമ്മൽ ഘോഷും തമ്മിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

