നെയ്യാറ്റിൻകരയിൽ ബൈക്ക് റേസിംഗിനെച്ചൊല്ലിയുള്ള തർക്കം: യുവാവ് കുത്തേറ്റു മരിച്ചു

Spread the love

തിരുവനന്തപുരം: ബൈക്ക് റേസിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നെല്ലിമൂട് കൊഴുപ്പള്ളം സ്വദേശി മനോജ് (മനു – 22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിന്റെ അയൽവാസികളായ അച്ഛനും മക്കളും ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.​പ്രതികളായ ബിജു, മക്കളായ മിഥുൻ, അമ്പാടി, കൂടാതെ പ്രായപൂർത്തിയാകാത്ത ഇവരുടെ ഒരു സുഹൃത്ത് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.​സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:പ്രതികളുടെ ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് പമ്പിൽ പോയി പെട്രോൾ വാങ്ങി വരികയും, തുടർന്ന് ബൈക്ക് അമിത ശബ്ദത്തിൽ റേസ് ചെയ്യുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തുവന്ന മനു ബൈക്ക് റേസിംഗിനെ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ആദ്യം നാട്ടുകാർ ഇടപെട്ട് തർക്കം പരിഹരിച്ചെങ്കിലും, പിന്നീട് മനു തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ചുള്ള പിടിവലിക്കൊടുവിലാണ് കൊലപാതകം നടന്നത്. മനുവിന്റെ വാരിയെല്ലിന്റെ ഭാഗത്ത് പുറകിൽ നിന്നേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം.​പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ്, തനിക്ക് ഇതിൽ പങ്കില്ലെന്ന രീതിയിൽ പ്രതിയായ മിഥുൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മനുവിന് താൻ വെള്ളം എടുത്തു നൽകിയെന്നും മറ്റാരോ ആണ് കുത്തിയതെന്നുമാണ് മിഥുൻ ആദ്യം അവകാശപ്പെട്ടത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ മിഥുനും കുടുംബവുമാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *