ഇഞ്ചോടിഞ്ച് പോരാട്ടം; ഇത്തവണ കേരളത്തിന്റെ വിധി നിർണ്ണയിക്കുക ഈ 25 മണ്ഡലങ്ങൾ
*തിരുവനന്തപുരം:* 2021ൽ 5000ത്തിനോട് അടുത്ത് മാത്രം ഭൂരിപക്ഷത്തോടെ വിജയികളെ നിശ്ചയിച്ച മണ്ഡലങ്ങൾ ഇത്തവണ രണ്ട് മുന്നണികളെ സംബന്ധിച്ചും നിർണ്ണായകമാണ്. 2026ൽ എൽഡിഎഫ് അധികാരം നിലനിർത്തുമോ യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമോ എന്നതിൽ ഏറ്റവും നിർണ്ണായകമാകുക 25 നിയമസഭാ മണ്ഡലങ്ങളാണ്. ഇതിൽ 18 ഇടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചിരുന്നു. 25 മണ്ഡലങ്ങൾ ഇരുമുന്നണികൾക്കും നിർണ്ണായകമാണ്*ആറ് മണ്ഡലങ്ങളിൽ വിജയം ആയിരം വോട്ടിൽ താഴെ**പെരിന്തൽമണ്ണ*പെരിന്തൽമണ്ണയിൽ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരമായിരുന്നു 2021ൽ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. വെറും 38 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫയെ മുസ്ലിം ലീഗിൻ്റെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ നജീബ് കാന്തപുരത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി നിയമനടപടികളിലേയ്ക്ക് കടന്നിരുന്നു. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളിൽ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താൽ വരാണാധികാരി അസാധുവാക്കി. 348 വോട്ടുകൾ അസാധുവാക്കിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുഹമ്മദ് മുസ്തഫ നിയമനടപടികളിലേയ്ക്ക് കടന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവ് നജീബ് കാന്തപുരത്തിന് അനുകൂലമായതോടെ കെപിഎം മുസ്തഫ നിയമനടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു. പെരിന്തൽമണ്ണ നിലനിർത്താനായി വീണ്ടും ഇറങ്ങുന്ന നജീബ് കാന്തപുരത്തെ നേരിടാൻ വി പി മുഹമ്മദ് ഹനീഫയയെയാണ് സിപിഐഎം രംഗത്തിറക്കിയിരിക്കുന്നത്. അഡ്വ. കെ പി ബലരാജാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.*കുറ്റ്യാടി*2021ൽ 333 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിന് മാത്രം സിപിഐഎമ്മിൻ്റെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വിജയിച്ച കുറ്റ്യാടി നിയമസഭാ മണ്ഡലം ഇരുമുന്നണികളെ സംബന്ധിച്ചും ഇത്തവണ നിർണ്ണായകമാണ്. മുസ്ലിം ലീഗിൻ്റെ സിറ്റിംഗ് എംഎൽഎ പാറക്കൽ അബ്ദുള്ളയെ ആയിരുന്നു ഫോട്ടോഫിനിഷിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പരാജയപ്പെടുത്തിയത്. 2021ൽ സീറ്റ് ധാരണയുടെ ഭാഗമായി കുറ്റ്യാടി കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകിയതിനെതിരെ സിപിഐഎം അണികൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. കേരള കോൺഗ്രസ് മത്സരിച്ചാൽ വിമത സഥാനാർത്ഥിയെ നിർത്താനുള്ള ആലോചനയും സിപിഐഎമ്മിൽ ഒരുവിഭാഗം നടത്തിയിരുന്നു. എന്നാൽ ഒടുവിൽ വെടിനിർത്തലിൻ്റെ ഭാഗമായി കേരള കോൺഗ്രസ് കുറ്റ്യാടി സിപിഐഎമ്മിന് മടക്കി നൽകി. പിന്നീട് സ്ഥാനാർത്ഥിയായ നിയോഗിതനായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ 333 വോട്ടിൻ്റെ നേരിയ ഭൂരിപക്ഷത്തിന് കുറ്റ്യാടി തിരിച്ചുപിടിക്കുകയായിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെയാണ് മണ്ഡലം നിലനിർത്താനായി സിപിഐഎം ഇപ്രാവശ്യം രംഗത്തിറക്കുന്നത്. പാറക്കൽ അബ്ദുളളയെ തന്നെയാണ് മണ്ഡലം തിരിച്ച് പിടിക്കാനായി മുസ്ലിം ലീഗ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. രാമദാസ് മണലേരിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.*മഞ്ചേശ്വരം*2021ൽ ഫോട്ടോഫിനിഷിൻ്റെ പ്രതീതി സൃഷ്ടിച്ച മറ്റൊരു മണ്ഡലം മഞ്ചേശ്വരമായിരുന്നു. 2016ൽ 89 വോട്ടിന് മാത്രം പരാജയപ്പെട്ട കെ സുരേന്ദ്രൻ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2021ൽ ഇവിടെ വീണ്ടും മത്സരിക്കാനെത്തിയത്. സിറ്റിംഗ് എംഎൽഎ എം സി കമറുദ്ദീനെതിരായ സാമ്പത്തിക ആരോപണങ്ങൾ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു 2021ലെ തെരഞ്ഞെടുപ്പ്. എന്നാൽ മുസ്ലിം ലീഗിൻ്റെ യുവനേതാവ് എകെഎം അഷ്റഫ് ഇവിടെ 745 വോട്ടിന് വിജയിക്കുകയായിരുന്നു. എകെഎം അഷ്റഫിനെ തന്നെയാണ് മണ്ഡലം നിലനിർത്താനായി മുസ്ലിം ലീഗ് വീണ്ടും നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനും ഇടയിൽ വിജയം വഴുതിപ്പോയ കെ സുരേന്ദ്രനെയാണ് ബിജെപി മഞ്ചേശ്വരം പിടിച്ചെടുക്കാനായി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദയെയാണ് ഇവിടെ സിപിഐഎം മത്സരിപ്പിക്കുന്നത്.*തൃശ്ശൂർ*2021ൽ ആയിരം വോട്ടിന് താഴെ വിധി നിർണ്ണയിച്ച മറ്റൊരു മണ്ഡലമായിരുന്നു തൃശ്ശൂർ. 946 വോട്ടിനായിരുന്നു ഇവിടെ സിപിഐ സ്ഥാനാർത്ഥി പി ബാലചന്ദ്രൻ്റെ വിജയം. കോൺഗ്രസിൻ്റെ പത്മജാ വേണുഗോപാലിനെയാണ് പി ബാലചന്ദ്രൻ പരാജയപ്പെടുത്തിയത്. ബിജെപിക്കായി മത്സരിച്ച സുരേഷ് ഗോപി 40457 വോട്ട് നേടി ഇവിടെ മൂന്നാമതെത്തിയിരുന്നു. സിറ്റിംഗ് എംഎൽഎ പി ബാലചന്ദ്രനെ മാറ്റി കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് സിപിഐ തൃശ്ശൂർ നിലനിർത്താനായി രംഗത്തിറക്കിയിരിക്കുന്നത്. 2021ൽ കോൺഗ്രസിനായി തൃശ്ശൂരിൽ മത്സരിച്ച പത്മജ വേണുഗോപാൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറങ്ങുന്നത്. മുൻ മേയർ രാജൻ പല്ലനെയാണ് കോൺഗ്രസ് തൃശ്ശൂരിൽ നിയോഗിച്ചിരിക്കുന്നത്.*താനൂർ*985 വോട്ടിന് 2021ൽ ഇടതുപക്ഷത്തിൻ്റെ വി അബ്ദുറഹിമാൻ വിജയിച്ച താനൂരിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. മുസ്ലിം ലീഗിൻ്റെ യുവ നേതാവ് പി കെ ഫിറോസിനെ ശക്തമായ പേരാട്ടത്തിൽ അടിയറവ് പറയിച്ചായിരുന്നു അബ്ദുറഹിമാൻ്റെ വിജയം. 2016ൽ മുസ്ലിം ലീഗിൻ്റെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വി അബ്ദുറഹിമാൻ പരാജയപ്പെടുത്തിയിരുന്നു. 1957 മുതൽ 2011വരെ തുടർച്ചയായി വിജയിച്ച് വന്ന താനൂർ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സിറ്റിംഗ് എംഎൽഎ വി അബ്ദുറഹിമാനെയാണ് ആദ്യം സിപിഐഎം ഇവിടെ നിശ്ചയിച്ചതെങ്കിൽ പിന്നീട് അദ്ദേഹത്തെ തിരൂരിലേയ്ക്ക് മാറ്റുകയായിരുന്നു. എൽഡിഎഫ് ഇതുവരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എംഎസ്എഫ് നേതാവ് പി കെ നവാസിനെയാണ് താനൂർ തിരിച്ചു പിടിക്കാൻ മുസ്ലിം ലീഗ് മത്സരിപ്പിക്കുന്നത്. മലപ്പുറം വെസ്റ്റ് ജില്ലാ അധ്യക്ഷയായി നിലവിൽ ചുമതല വഹിക്കുന്ന ദീപ പുഴയ്ക്കലിനെയാണ് ബിജെപി ഇവിടെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.*തൃപ്പൂണിത്തുറ*2021ൽ കോൺഗ്രസിൻ്റെ കെ ബാബു 992 വോട്ടിന് വിജയിച്ച തൃപ്പൂണിത്തുറയാണ് ഭൂരിപക്ഷ കണക്കിൽ 1000ന് താഴെ വിധി നിർണ്ണയിച്ച ആറാമത്തെ മണ്ഡലം. 2016ൽ സിപിഐഎമ്മിലെ എം സ്വരാജ് 4467 വോട്ടിന് വിജയിച്ച തൃപ്പൂണിത്തുറ 2021ല്‍ കെ ബാബു പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതി ഉന്നയിച്ച് എം സ്വരാജ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെയ്ക്കുകയായിരുന്നു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി പിന്നീട് പിൻവലിക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ്‌യെയാണ് കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ രംഗത്തിറക്കിയിരിക്കുന്നത്. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെയാണ് സിപിഐഎം മണ്ഡലം മാറ്റി തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കുന്നത്. ട്വൻ്റി 20യുടെ സ്ഥാനാർത്ഥി അഭിനേത്രി അഞ്ജലി നായരാണ് ഇവിടെ എൻഡിഎക്കായി മത്സരിക്കുന്നത്.*1000ത്തിനും 3000ത്തിനും ഇടയിൽ ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങൾ**ചാലക്കുടി*ചാലക്കുടിയിൽ യുഡിഎഫിൻ്റെ ടി ജെ സനീഷ് കുമാർ ജോസഫ് 1057 വോട്ടിനായിരുന്നു വിജയിച്ചത്. 2006 മുതൽ സിപിഐഎം വിജയിച്ച് വന്നിരുന്ന ചാലക്കുടി 2021ൽ മുന്നണിയിലേയ്ക്ക് പുതിയതായി വന്ന കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിലെ ഡെന്നിസ് കെ ആൻ്റണിയെയായിരുന്നു ടി ജെ സനീഷ് കുമാർ ജോസഫ് പരാജയപ്പെടുത്തിയത്. ചാലക്കുടി നിലനിർത്താൻ സനീഷ് കുമാർ ജോസഫിനെ തന്നെയാണ് യുഡിഎഫ് വീണ്ടും മത്സരിപ്പിക്കുന്നത്. ചാലക്കുടി മുന്‍ നഗരസഭാ അംഗവും കോൺഗ്രസ് നേതാവുമായിരുന്ന ബിജു ചിറയത്തിനെയാണ് കേരള കോണ്‍ഗ്രസ് എം ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ട്വൻ്റി 20യുടെ അഡ്വ. ചാർളി പോളാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.*ചവറ*1096 വോട്ടിനായിരുന്നു ചവറയിൽ എൽഡിഎഫിൻ്റെ സുജിത് വിജയൻപിള്ള വിജയിച്ചത്. സിപിഐഎം സ്വതന്ത്രനായി മത്സരിച്ച സുജിത് വിജയൻപിള്ള ആർഎസ്പിയുടെ ഷിബു ബേബി ജോണിനെയാണ് പരാജയപ്പെടുത്തിയത്. സുജിത് വിജയൻ പിള്ളയെ തന്നെയാണ് ഇത്തവണ ചവറ നിലനിർത്താൻ സിപിഐഎം നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി കൈവിട്ട ചവറ തിരിച്ച് പിടിക്കാൻ ഷിബു ബേബി ജോണിനെ തന്നെയാണ് ആർഎസ്പി വീണ്ടും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. എൻഡിഎ ഇതുവരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.*റാന്നി*2021ൽ എൽഡിഎഫ് 1285 വോട്ടിനായിരുന്നു റാന്നിയിൽ വിജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെയാണ് പരാജയപ്പെടുത്തിയത്. 1996 മുതൽ സിപിഐഎമ്മിലെ രാജു എബ്രഹാം വിജയിച്ച് വരുന്ന റാന്നി 2021ൽ മുന്നണി മാറ്റത്തിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകുകയായിരുന്നു. പ്രമോദ് നാരായണിനെ തന്നെയാണ് മണ്ഡലം നിലനിർത്തുന്നതിനായി കേരള കോൺഗ്രസ് എം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. പഴകുളം മധുവിനെയാണ് റാന്നിയിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ട്വൻ്റി 20യുടെ തോമസ് കെ സാമുവേലാണ് ഇവിടെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി മത്സരരംഗത്തുള്ളത്.*കണ്ണൂർ*1745 വോട്ടിനായിരുന്നു 2021ൽ കണ്ണൂരിൽ കോൺഗ്രസ് എസിൻ്റെ കടന്നപ്പള്ളി രാമചന്ദ്രൻ വിജയിച്ചത്. പരമ്പരാഗതമായി കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ തുടർച്ചയായ രണ്ടാമത്തെ വിജയമാണ് കടന്നപ്പള്ളി സ്വന്തമാക്കിയത്. കോൺഗ്രസിൻ്റെ സതീശൻ പാച്ചേനിയെ തന്നെയായിരുന്നു 2016ലും കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. 1196 വോട്ടിനായിരുന്നു 2016ൽ കടന്നപ്പള്ളി രാമചന്ദ്രൻ്റെ വിജയം. 2021ൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സി രഘുനാഥിനെയാണ് ഇത്തവണ ബിജെപി കണ്ണൂരിൽ മത്സരത്തിനിറക്കിയിരിക്കുന്നത്.*പീരുമേട്*അന്തരിച്ച വാഴൂർ സോമൻ 1835 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ല്‍ പീരുമേട്ടിൽ നിന്ന് വിജയിച്ചത്. യുഡിഎഫിൻ്റെ സിറിയക് തോമസിനെയായിരുന്നു സിപിഐയുടെ വാഴൂർ സോമൻ പരാജയപ്പെടുത്തിയത്. 2006 മുതൽ സിപിഐ മത്സരിച്ച് വരുന്ന മണ്ഡലമാണ് പീരുമേട്. നിലവിലെ ജില്ലാ സെക്രട്ടറി കെ സലിം കുമാറിനെയാണ് വാഴൂർ സോമന് പകരക്കാരനായി ഇവിടെ സിപിഐ മത്സരിപ്പിക്കുന്നത്. സിറിയക് തോമസിനെയാണ് കോൺഗ്രസ് ഇവിടെമത്സരരംഗത്തിറക്കിയിരിക്കുന്നത്. വി രതീഷിനെയാണ് ബിജെപി പീരുമേട് ബിജെപി ഒടുവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. .*കൊല്ലം*2021ൽ കൊല്ലത്ത് എം മുകേഷിൻ്റെ വിജയം 2072 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു. സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ കൊല്ലത്ത് പക്ഷെ ഇത്തവണ എം മുകേഷിന് പകരം എസ് ജയമോഹനെയാണ് സിപിഐഎം രംഗത്തിറക്കിയിരിക്കുന്നത്. ബിന്ദു കൃഷ്ണയെയാണ് കൊല്ലം പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഡോ. എൻ പ്രതാപ് കുമാറിനെയാണ് ബിജെപി ഇവിടെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.*തവനൂർ*2564 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു തവനൂരിൽ 2021ൽ കെ ടി ജലീലിൻ്റെ വിജയം. കോൺഗ്രസിൻ്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് ശക്തമായ പോരാട്ടത്തിനൊടുവിൽ ജലീൽ പരാജയപ്പെടുത്തിയത്. മണ്ഡലം രൂപം കൊണ്ട 2011ന് ശേഷം കെ ടി ജലീൽ മാത്രമാണ് ഇവിടെ വിജയിക്കുന്നത്. മണ്ഡലം നിലനിർത്താൻ കെ ടി ജലീലിനെ തന്നെയാണ് സിപിഐഎം ഇവിടെ വീണ്ടും നിയോഗിച്ചിരിക്കുന്നത്. ഡിസിസി ആധ്യക്ഷൻ വി എസ് ജോയിയെയാണ് കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. രവി തേലത്തിനെയാണ് ബിജെപി തവനൂരിൽ മത്സരിപ്പിക്കുന്നത്.*കുന്നത്തുനാട്*കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ 2715 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ സിപിഐഎമ്മിൻ്റെ പി വി ശ്രീനിജിൻ്റെ വിജയം. സിറ്റിംഗ് എംഎൽഎ വി പി സജീന്ദ്രനെയായിരുന്നു ശ്രീനിജിൻ പരാജയപ്പെടുത്തിയത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ പി വി ശ്രീനിജിനെ തന്നെയാണ് സിപിഐഎം രംഗത്ത് ഇറക്കിയിരിക്കുന്നത്. വി പി സജീന്ദ്രനെ കോൺഗ്രസ് ഇവിടെ വീണ്ടും മത്സരത്തിന് ഇറക്കിയിട്ടുണ്ട്. കോൺഗ്രസ് വിട്ടെത്തിയ അടൂർ മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരനാണ് എൻഡിഎയ്ക്കായി ട്വൻ്റി 20 ടിക്കറ്റിൽ ഇവിടെ മത്സരിക്കുന്നത്.*കുന്നത്തൂർ*കുന്നത്തൂരിൽ 2790 വോട്ടിനായിരുന്നു ആർഎസ്പി ലെനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ 2021ൽ വിജയിച്ചത്. ആർഎസ്പിയുടെ ഉല്ലാസ് കോവൂരിനെയാണ് കോവൂർ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്. തുടർച്ചയായ ആറാം വിജയം സ്വന്തമാക്കാനായി കോവൂർ കുഞ്ഞുമോൻ ഇത്തവണയും മത്സരരംഗത്തുണ്ട്. ഉല്ലാസ് കോവൂരിനെ തന്നെയാണ് ആർഎസ്പി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. രാജി പ്രസാദിനെയാണ് ബിജെപി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.*പെരുമ്പാവൂർ*കോൺഗ്രസിന്റെ എൽദോസ് കുന്നപ്പിള്ളി 2899 വോട്ടിനായിരുന്നു 2021ൽ പെരുമ്പാവൂരിൽ വിജയിക്കുന്നത്. കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫ് പെരുമ്പാവൂരിനെയാണ് എല്‍ദോസ് കുന്നപ്പിള്ളി പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെയാണ് കോൺഗ്രസ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎമാരിൽ എൽദോസ് കുന്നപ്പിള്ളിക്ക് മാത്രമാണ് ഇത്തവണ കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി എൽദോസ് കുന്നപ്പിള്ളി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് എം ബേസിൽ പോളിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. 2021ൽ മണ്ഡലത്തിൽ സ്വാധീനം തെളിയിച്ച ട്വൻ്റി 20യാണ് എൻഡിഎയ്ക്കായി ഇവിടെ മത്സരിക്കുന്നത്. ജിബി വർഗീസിനെയാണ് ട്വൻ്റി20 ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.*അടൂർ*കോൺഗ്രസിലെ എം ജി കണ്ണനെ 2919 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ അടൂരിൽ ചിറ്റയം ഗോപകുമാർ പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാറിന് പകരം പ്രിജി കണ്ണനെയാണ് സിപിഐ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. അഡ്വ. ശാന്തകുമാറിനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. പന്തളം പ്രതാപനെയാണ് ഒടുവിൽ അടൂരിൽ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.*3000ത്തിനും 5000ത്തിനും ഇടയിൽ ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ**തൃത്താല*3016 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് 2021ൽ സിപിഐഎമ്മിൻ്റെ എം ബി രാജേഷ് കോൺഗ്രസിൻ്റെ വി ടി ബൽറാമിനെ പരാജയപ്പെടുത്തിയത്. എം ബി രാജേഷും വി ടി ബൽറാമും തന്നെയാണ് ഇത്തവണയും തൃത്താലയിൽ മുഖാമുഖം വരുന്നത്. വി ഉണ്ണികൃഷ്ണൻ മാസ്റ്ററെയാണ് ബിജെപി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.*പേരാവൂർ*3172 വോട്ടിനായിരുന്നു കോൺഗ്രസിൻ്റെ സണ്ണി ജോസഫ് സിപിഐഎമ്മിൻ്റെ പ്രാദേശിക നേതാവ് സക്കീർ ഹുസൈനെ 2021ൽ പേരാവൂരിൽ പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിനെയാണ് കോൺഗ്രസ് ഇത്തവണയും പേരാവൂരിൽ രംഗത്തിറക്കിയിരിക്കുന്നത്. പേരാവൂർ തിരിച്ച് പിടിക്കാൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയെയാണ് സിപിഐഎം ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ബിഡിജെഎസിൻ്റെ പൈലി വാത്യാട്ടാണ് ഇവിടെ എൻഡിഎയ്ക്കായി മത്സരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് പേരാവൂർ.*നേമം*2021ൽ ശക്തമായ ത്രികോണ മത്സരം നടന്ന ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് സിപിഐഎമ്മിൻ്റെ വി ശിവൻകുട്ടി 3949 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ബിജെപിയുടെ കുമ്മനം രാജശേഖരനെയായിരുന്നു ശിവൻകുട്ടി പരാജയപ്പെടുത്തിയത്. കോൺഗ്രസിൻ്റെ കെ മുരളീധരൻ ഇവിടെ മൂന്നാമതായിരുന്നു. ശക്തമായ പേരാട്ടത്തിൻ്റെ പ്രതീതി സൃഷ്ടിച്ചാണ് നേമത്ത് ഇത്തവണയും തിരഞ്ഞെടുപ്പിന് അരങ്ങുണരുന്നത്. സിറ്റിംഗ് എംഎൽഎ വി ശിവൻകുട്ടിയെ തന്നെയാണ് സിപിഐഎം നേമത്ത് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമം തിരിച്ച് പിടിക്കാൻ മത്സരരംഗത്ത് ഉള്ളത്. കോൺഗ്രസിനായി കെ എസ് ശബരിനാഥനും കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിൻ്റെ ചിത്രമാണ് നേമത്ത് തെളിയുന്നത്.*നാദാപുരം*സിപിഐയുടെ ഇ കെ വിജയൻ 2021ൽ 4035 വോട്ടിനാണ് നാദാപുരത്ത് നിന്നും വിജയിച്ചത്. കോൺഗ്രസിൻ്റെ അഡ്വ. കെ പ്രവീൺ കുമാറിനെയായിരുന്നു ഇ കെ വിജയൻ പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎയ്ക്ക് പകരം പി വസന്തത്തെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ കെ എം അഭിജിത്താണ് നാദാപുരത്ത് കോൺഗ്രസിനായി മത്സരിക്കുന്നത്. സി പി വിപിൻ ചന്ദ്രനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.*കടുത്തുരുത്തി*4256 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് 2021ൽ കേരള കോൺഗ്രസിൻ്റെ മോൻസ് ജോസഫ് വിജയിച്ച മണ്ഡലമാണ് കടുത്തുരുത്തി. കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റീഫൻ ജോർജിനെയാണ് മോൻസ് ജോസഫ് പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎ മോൻസ് ജോസഫിനെ തന്നെയാണ് കേരള കോൺഗ്രസ് കടുത്തുരുത്തിയിൽ രംഗത്തിറക്കിയിരിക്കുന്നത്. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയാണ് ഇവിടെ കേരള കോൺഗ്രസ് എമ്മിൻ്റെ സ്ഥാനാർത്ഥി. ബിഡിജെഎസിന്റെ സുരേഷ് ഇട്ടിക്കുന്നേലാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.*കുണ്ടറ*2021ൽ കോൺഗ്രസിൻ്റെ പി സി വിഷ്ണുനാഥ് സിപിഐഎമ്മിൻ്റെ ജെ മേഴ്സിക്കുട്ടിയമ്മയെ 4523 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്. ഇത്തവണ സിറ്റിംഗ് എംഎൽഎ പി സി വിഷ്ണുനാഥിനെ തന്നെ കോൺഗ്രസ് രംഗത്തിറക്കുമ്പോൾ ജെ മേഴ്സിക്കുട്ടി അമ്മയ്ക്ക് പകരം എസ് എൽ സജി കുമാറിനെയാണ് സിപിഐഎം ഇവിടെ മത്സരിപ്പിക്കുന്നത്. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെയാണ് ബിജെപി കുണ്ടറയിൽ രംഗത്തിറക്കിയിരിക്കുന്നത്.*തിരുവമ്പാടി*സിപിഐഎമ്മിൻ്റെ ലിൻ്റോ ജോസഫ് 2021ൽ 4643 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. മുസ്ലിം ലീഗിൻ്റെ സി പി ചെറിയമുഹമ്മദിനെയായിരുന്നു ലിൻ്റോ ജോസഫ് പരാജയപ്പെടുത്തിയത്. ഇത്തവണ തിരുവമ്പാടി വെച്ച് മാറാൻ കോൺഗ്രസും ലീഗും ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കാൻ ധാരണയാവുകയായിരുന്നു. കാസിം കൂടരഞ്ഞിയെയാണ് മുസ്ലിം ലീഗ് ഇത്തവണരംഗത്തിറക്കിയിരിക്കുന്നത്. ട്വൻ്റി 20യുടെ സണ്ണി തോമസാണ് ഇവിടെ എൻഡിഎയ്ക്കായി മത്സരിക്കുന്നത്.*അരുവിക്കര*5046 വോട്ടിന് സിപിഐഎമ്മിൻ്റെ ജി സ്റ്റീഫൻ വിജയിച്ച അരുവിക്കരയും 2026ൻ്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇരുമുന്നണികൾക്കും നിർണ്ണായകമാണ്. കോൺഗ്രസിൻ്റെ കെ എസ് ശബരീനാഥിനെയാണ് ജി സ്റ്റീഫൻ പരാജയപ്പെടുത്തിയത്. സിറ്റിംഗ് സീറ്റിൽ ജി സ്റ്റീഫനെ തന്നെ സിപിഐഎം മത്സരിക്കുമ്പോൾ കെ എസ് ശബരീനാഥന് പകരം വി എസ് ശിവകുമാറിനെയാണ് കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വിവേക് ഗോപനെയാണ് അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

