തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം: തോക്ക് ചൂണ്ടി ഭീഷണി, മൂന്നുപേർ കൂടി പിടിയിൽ

Spread the love

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ആയുധമേന്തിയ ഏറ്റുമുട്ടലിൽ മൂന്ന് പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസിയിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് പുളിക്കീഴ് ജങ്ഷനിൽവെച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്കുചൂണ്ടി ഭീഷണി മുഴക്കിയത്.വധശ്രമം, കലാപം സൃഷ്ടിക്കൽ, ആയുധം കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാദേവിക്കാട് കെടിഡിസി ബിയർ പാർലറിൽ വെച്ച് കാപ്പ പ്രതി പ്രവീൺ പ്രസന്നൻ, മണ്ണാറശ്ശാല മഹേഷ്‌ എന്നിവരുടെ സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. ഇതിന്റെ തുടർച്ചയായി വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.കൂട്ടത്തല്ലിനിടെ തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു മറുസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി. എന്നാൽ റിവോൾവറിൽ ഉണ്ടയില്ലെന്ന് മനസ്സിലാക്കിയ മറുസംഘം വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പട്ടിക കൊണ്ടുള്ള അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *