വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ബഹുനില മന്ദിരവും ഐസൊലേഷൻ വാർഡും ഉദ്ഘാടനം ചെയ്തു
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ബഹുനില മന്ദിരവും ഐസൊലേഷൻ വാർഡും ഉദ്ഘാടനം ചെയ്തു
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ബഹുനില മന്ദിരവും ഐസൊലേഷൻ വാർഡും സി. കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സൗകര്യപ്രദമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത്. കോവിഡ് മഹാമാരിയെ ചെറുത്ത നമുക്ക് മറ്റൊരു മഹാമാരി വന്നാലും പ്രതിരോധിക്കുന്നതിനുള്ള കരുതലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഐസൊലേഷൻ വാർഡെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവിലാണ് പുതിയ ബഹുനില മന്ദിരം പൂർത്തീകരിച്ചത്. 5500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഒ.പിയും ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ ഓഫീസ്, ഫാർമസി, ടോയ്ലറ്റും എന്നിവയും മുകളിലത്തെ നിലയിൽ നാഷണൽ ഹെൽത്ത് മിഷൻ വിങ്ങുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
1.79 കോടി ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുക്കിയിരിക്കുന്നത്.
ഇതിനോടൊപ്പം തന്നെ വെള്ളറട പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആറ് റോഡുകളുടെ ഉദ്ഘാടനവും ചടങ്ങിൽ എംഎൽഎ നിർവഹിച്ചു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ എസ്.യു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പനച്ചമൂട് ഉദയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജനിമോൾ, ലൈല.ഡി, സുനിൽ.എസ്, ബ്ലോക്ക് അംഗം മണികണ്ഠൻ, വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ വിൻസെൻ്റ്, വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, മെഡിക്കൽ ഓഫീസർ കാവേരി വർമ്മ തുടങ്ങിയവർ പങ്കെടുത്തു

