മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. ലൈഫ് മിഷന്‍ കോഴക്കേസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നാളെ രാവിലെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ശിവശങ്കറിനെ ഇന്നും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രാത്രി വൈകിയാണ് അറസ്റ്റുണ്ടായത്. കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി .വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ശിവശങ്കറിനെതിരായ കേസ്. യൂണിടാക് എം ഡി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു.