ഉന്നതവിദ്യാഭ്യാസത്തിന് പ്രായവും പരിമിതികളും ഇല്ലെന്ന് ഉറപ്പാക്കിയതാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മുഖ്യസവിശേഷതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രപുനര്‍നിര്‍മാണത്തിന് പിന്തുണയേകണം. ആധുനിക ഉന്നതവിദ്യാഭ്യാസ കരിക്കുലം തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹികമാറ്റത്തിനും ഉതകുന്നതായിരിക്കണമെന്നും ഓര്‍മിപ്പിച്ചു.

Spread the love

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രഥമ ബിരുദദാന ചടങ്ങ്

ഉന്നതവിദ്യാഭ്യാസത്തിന് പരിമിതികളില്ല: ഗവര്‍ണര്‍

ഉന്നതവിദ്യാഭ്യാസത്തിന് പ്രായവും പരിമിതികളും ഇല്ലെന്ന് ഉറപ്പാക്കിയതാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മുഖ്യസവിശേഷതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രപുനര്‍നിര്‍മാണത്തിന് പിന്തുണയേകണം. ആധുനിക ഉന്നതവിദ്യാഭ്യാസ കരിക്കുലം തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹികമാറ്റത്തിനും ഉതകുന്നതായിരിക്കണമെന്നും ഓര്‍മിപ്പിച്ചു.

പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്ന് മുഖ്യാതിഥിയും പ്രൊ വൈസ് ചാന്‍സലറും ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ആര്‍ ബിന്ദു പറഞ്ഞു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്നും അറിയിച്ചു.
ചെറിയകാലയളവിനുള്ളില്‍ 76000 പഠിതാക്കളുള്ള സ്ഥാപനമായി സര്‍വകലാശാല മാറിയെന്ന് വിശിഷ്ടാതിഥിയും ധനകാര്യവകുപ്പ് മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍. പരമ്പരാഗത വിഷയങ്ങള്‍ക്കൊപ്പം പുതുതലമുറ കോഴ്‌സുകളും ലഭ്യമാക്കിയ സര്‍വകലാശാല ജില്ലയിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് മാതൃകയായ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വേറിട്ടനേട്ടമാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയെന്ന് വിശിഷ്ടാതിഥിയും ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണി പറഞ്ഞു. ഉന്നതപഠനം തടസ്സപ്പെട്ടവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്ന സര്‍വകലാശാല വിദ്യാഭ്യാസ രംഗത്ത് പുതുമാതൃക സൃഷ്ടിച്ചുവെന്നും പറഞ്ഞു.
ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ വിജയിച്ച പഠിതാകള്‍ക്ക് ചാന്‍സലറായ ഗവര്‍ണര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. പ്രഥമ ബിരുദദാന ചടങ്ങിനും സമ്മേളനത്തിനും മുന്നോടിയായി സര്‍വ്വകലാശാല സെനറ്റ് മീറ്റിങ്ങും നടന്നു.

ചടങ്ങില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. ജഗതിരാജ്, രജിസ്ട്രാര്‍ ഡോ. അഭിലാഷ് ബാബു, പരീക്ഷ കണ്‍ട്രോളര്‍ ഡോ ജെ. ഗ്രേഷ്യസ്, ഫിനാന്‍സ് ഓഫീസര്‍ എം. എസ്. ശരണ്യ, സൈബര്‍ കണ്‍ട്രോളര്‍ ടി ബിജുമോന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. സി. ഉദയകല, പി. ഹരിദാസ്, ഡോ. പി. പി. അജയകുമാര്‍, ഡോ. എ. ബാലകൃഷ്ണന്‍, അഡ്വ ജി. സുഗുണന്‍, ഡോ എം ജയപ്രകാശ്, ഡോ റെനി സെബാസ്റ്റ്യന്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 382/2026)

എൻ.എസ് സഹകരണ ആശുപത്രിയുടെ 20താമത് വാർഷികാഘോഷം ഫെബ്രുവരി 17 ന്

എൻ എസ് സഹകരണ ആശുപത്രിയുടെ ഇരുപതാമത് വാർഷികാഘോഷം ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അധ്യക്ഷനാകും. സെക്രട്ടറി പി.ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. എൻ എസ് അനുസ്മരണവും മികച്ച ഡോക്ടർ,നേഴ്സ് തുടങ്ങിയവർക്കുള്ള അവാർഡ് വിതരണവും നടത്തും. എം എൽ എ മാരായ എം.നൗഷാദ്, ജി.എസ്. ജയലാൽ, മേയർ എ.കെ. ഹഫീസ്, വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു, കടയ്ക്കൽ കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്. വിക്രമൻ, പത്തനാപുരം ഇ.എം.എസ്.സഹകരണ ആശുപത്രി പ്രസിഡന്റ്‌ ബി. ദസ്‌തഗീർ സാഹിബ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി. സുരേഷ്‌കുമാർ, പാലത്തറ ഡിവിഷൻ കൗൺസിലർ ആർ. ഡെസ്റ്റിമോണ, കെ സി ഇ യു ജില്ലാ സെക്രട്ടറി കെ.എൻ അനിൽകുമാർ, എൻ എസ് സഹകരണ ആശുപത്രി ഭരണസമിതിയംഗങ്ങളായ സൂസൻ കോടി, അഡ്വ പി.കെ ഷിബു തുടങ്ങിയവർ പങ്കെടുക്കും. (പി.ആര്‍.കെ നമ്പര്‍ 383/2026)

അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു

മുന്‍കരുതല്‍ സ്വീകരിക്കണം: ജില്ലാ കലക്ടര്‍

ജില്ലയില്‍ അന്തരീക്ഷതാപനില കൂടിവരുന്നസാഹചര്യത്തില്‍ എല്ലാവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യമുണ്ടാകും; കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, കെട്ടിട-റോഡ് നിര്‍മാണങ്ങളിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ-കൊമേഴ്സ് പാഴ്‌സല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷികുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. തണലില്‍ വിശ്രമിക്കാം,പാദരക്ഷകള്‍ ധരിക്കണം.

നിര്‍ജലീകരണം തടയുന്നതിനായി കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കാം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പുറത്ത്‌പോകുന്നവര്‍ കുപ്പിവെള്ളം കരുതണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഓ ആര്‍ എസ് ലായനി തുടങ്ങിയവ ഉപയോഗിക്കാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ളാസ്മുറികളില്‍ വായുസഞ്ചാരവും പരീക്ഷാഹാളുകളില്‍ ജലലഭ്യതയും ഉറപ്പാക്കണം. അസംബ്ലി, ഉച്ചയ്ക്കുള്ള കായികപഠനം തുടങ്ങിയവ ഒഴിവാക്കാം. യൂണിഫോമിന്റെ ഭാഗമായുള്ള ടൈ, സോക്‌സ് തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. (പി.ആര്‍.കെ നമ്പര്‍ 384/2026)

അതിജീവന പാഠങ്ങളുമായി മോക്ക് ഡ്രില്‍

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലെ രക്ഷാപ്രവര്‍ത്തനസാഹചര്യമാണ് വിലയിരുത്തിയത്.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. കൊട്ടാരക്കര തഹസില്‍ദാര്‍ വിവരം കൈമാറി. പോലീസ്, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കര്‍മനിരതരായി. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും രംഗത്ത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം.
അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍ഡിആര്‍എഫ് സംഘത്തിന്റെ സേവനവും വിനിയോഗിച്ചു. സ്‌നിഫര്‍ നായകളുടെ സേവനവും ഉപയോഗപ്പെടുത്തി പരുക്കേറ്റവരെ പുറത്തെത്തിച്ച് വൈദ്യസഹായവും നല്‍കിയാണ് ഡ്രില്‍ അവസാനിപ്പിച്ചത്. (പി.ആര്‍.കെ നമ്പര്‍ 385/2026)

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കൊട്ടാരക്കര കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ 15 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ (വേഡ് പ്രോസസിങ്) ഫെബ്രുവരി 19ന് രാവിലെ 10 മുതല്‍. ഫോണ്‍: 0474 2919612, 9633450297. (പി.ആര്‍.കെ നമ്പര്‍ 386/2026)

ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്

ജില്ലയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ തുടങ്ങി. ജില്ലാ ആശുപത്രിയില്‍ ഫെബ്രുവരി 16ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമുണ്ടാകും. (പി.ആര്‍.കെ നമ്പര്‍ 387/2026)

ക്വട്ടേഷന്‍

തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ച്‌നീക്കുന്നതിന് കരാറുകാരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9446783203. (പി.ആര്‍.കെ നമ്പര്‍ 388/2026)

ടോപ് അപ്പ് ലോണ്‍

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് ജില്ലയിലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം/വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ നല്‍കും. മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ 20% വരെ ഫ്രണ്ട് എന്‍ഡഡ് സബ്‌സിഡി രൂപത്തിലോ ആനുകൂല്യം തിരഞ്ഞെടുക്കാം. വായ്പ അനുവദിച്ച ആദ്യത്തെ രണ്ട് വര്‍ഷം സ്ട്രക്‌ചേര്‍ഡ് മെന്ററിങ് സപ്പോര്‍ട്ട് നല്‍കും. വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളിലെ സംരംഭകര്‍ക്കും മുന്‍ഗണന. വിലാസം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 7907748177. (പി.ആര്‍.കെ നമ്പര്‍ 389/2026)

സ്വയംതൊഴില്‍ വായ്പ

കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. നാല് മുതല്‍ 7.5 ശതമാനം വരെ പലിശനിരക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ. പ്രായപരിധി 18-55 വയസ്. വിവരങ്ങള്‍ക്ക്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 2764440, 9400068502. (പി.ആര്‍.കെ നമ്പര്‍ 390/2026)

പരിശീലനം

കൊട്ടിയം മൃഗസംരക്ഷണപരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി 18,19 തീയതികളില്‍ ‘പന്നി വളര്‍ത്തല്‍’ വിഷയത്തില്‍ പരിശീലനം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. 9447525485 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ഫെബ്രുവരി 17. (പി.ആര്‍.കെ നമ്പര്‍ 391/2026)

Leave a Reply

Your email address will not be published. Required fields are marked *