ശബരിമല സ്വർണക്കൊള്ള; മിനുട്സ് തിരുത്തിയത് പത്മകുമാർ എന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും, സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം

Spread the love

തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സ്വർണം ചെമ്പാക്കിയതിന്റെ രേഖകൾ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ ആണെന്ന് ഉറപ്പിക്കാനായി പത്മകുമാറിന്റെ കയ്യക്ഷരം അന്വേഷണ സംഘം പരിശോധിക്കും. ഇതിനായി കൈയക്ഷര സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ഭാഗമായാണ് നടപടി. എന്നാൽ കുറ്റപത്രം നൽകാൻ ഇനിയും വൈകുമെന്നാണ് വിവരം.ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണം. അനുമതി നൽകേണ്ടത് സർക്കാരും ബോർഡുമാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അനുമതി തേടാൻ കഴിയൂ. എഫ്എസ്എൽ റിപ്പോർട്ട് കിട്ടാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും ദിവസങ്ങൾ വേണ്ടിവരും. ഇക്കാരണം കൊണ്ടുതന്നെ കുറ്റപത്രം നൽകാൻ കാലതാമസമുണ്ടാകുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികൾ പുറത്തിറങ്ങുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ എടുക്കാൻ സാധ്യത. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ നീക്കം. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ മുൻപ് പരാതികൾ എത്തിയിരുന്നു. സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് ഈ പരാതികളിൽ പോലീസ് കേസെടുക്കാനൊരുങ്ങുന്നത്. ദ്വാരപാല കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളികേസിൽ ജാമ്യം ലഭിക്കാത്തതോടെ പോറ്റി ജയിലിൽ തുടരുകയാണ്. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം കഴിയും. ഇതിന് മുൻപേ പോറ്റിയെ വീണ്ടും പൂട്ടാനാണ് പോലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *